തലച്ചോറിൽ മൊട്ടിടുന്ന ചിന്തകളും വികാരങ്ങളും പിടിച്ചെടുക്കുവാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തയ്യാർ

ന്യൂഡൽഹി : ഓരോ ദിവസവും നിർമിതബുദ്ധിയുടെ വിസ്മയങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ഏറ്റവും പുതിയത് ഏറ്റവും അത്ഭുതപ്പെടുത്തുന്നതാണ്. തലച്ചോറിൽ ഒരു ചിന്തയോ ഒരു വികാരമോ മൊട്ടിട്ടാൽ അത് എന്താണെന്ന് വായിച്ചെടുക്കുവാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രാപ്തി കൈവരിച്ചു കഴിഞ്ഞു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിലെ മുൻനിരക്കാരായ മെറ്റ ഗവേഷണ സ്ഥാപനമായ ബാസ്ക് സെൻറർ ഓൺ കോഗ്നേഷൻ, ബ്രെയിൻ ആൻഡ് ലാംഗ്വേജ് എന്ന സ്ഥാപനവുമായി ചേർന്നാണ് അത്ഭുതകരമായ കണ്ടെത്തൽ ഉണ്ടാക്കിയിരിക്കുന്നത്.

35പേരുടെ തലച്ചോറിൽ വിരിഞ്ഞതൊക്കെയും ചോർത്തിയെടുത്തു

ഈ ഗവേഷണത്തിൽ 35 പേരാണ് പങ്കെടുത്തത്. അവരുടെ തലച്ചോറിൽ രൂപപ്പെട്ട കാന്തിക സ്പന്ദനങ്ങളും ഇലക്ട്രിസിറ്റിയും അളക്കുവാൻ രണ്ട് സംവിധാനങ്ങൾ ഏർപ്പെടുത്തി. കാന്തിക സ്പന്ദനങ്ങൾ അറിയുന്നതിന് മാഗ്നെറ്റോ എൻസിഫാലോഗ്രാഫി എന്ന സംവിധാനവും വൈദ്യുതി അളക്കുവാൻ ഇലക്ട്രോ എൻസിഫാലോഗ്രാഫി എന്ന സംവിധാനവും ആണ് ഏർപ്പെടുത്തിയത്. ഈ സംവിധാനങ്ങളിൽ ഉണ്ടായ അളവുകൾ നിർമിതബുദ്ധിയുടെ ഒരു മോഡലുമായി ബന്ധിപ്പിച്ചു. 35 പേർക്കും എഴുതുവാനായി ഏതാനും വാക്യങ്ങൾ നൽകി. എഴുതുന്നതിന് അനുസരിച്ച് അവരുടെ തലച്ചോറിൽ കാന്തിക വൈദ്യുതി സ്പന്ദനങ്ങൾ ഉണ്ടായി. ഈ സ്പന്ദനങ്ങൾ വായിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡൽ അവർ എഴുതിയത് എന്താണ് എന്ന് കൃത്യമായി പ്രവചിച്ചു. എഴുതിയതും കമ്പ്യൂട്ടർ മനസ്സിലാക്കി പ്രവചിച്ചതും തമ്മിൽ 80 ശതമാനത്തിന്റെ കൃത്യത ഉണ്ടായിരുന്നു. ഈ രംഗത്ത് ഇന്നേവരെ നടത്തിയ ഗവേഷണങ്ങളിൽ ഏറ്റവും കൂടിയ കൃത്യത ഈ പരീക്ഷണത്തിലാണ്.

തലച്ചോറിനെ സ്പർശിക്കാതെ അതിനുള്ളിൽ എന്ത് വികാരം, എന്ത് ചിന്ത എന്ന് തിരിച്ചറിയാൻ കഴിയും

തലച്ചോറിനുള്ളിൽ ഉണ്ടാകുന്ന തരംഗങ്ങൾ പിടിച്ചെടുക്കാനുള്ള സൂക്ഷ്മ സൂചികൾ സ്ഥാപിക്കുന്നതായിരുന്നു ഇതിന് മുൻപ് നടത്തിയ ഗവേഷണങ്ങളിൽ ചെയ്തിരുന്നത്. ഇലോൺ മസ്കിന്റെ കമ്പനിയായിരുന്നു പ്രധാനമായും ഈ രംഗത്ത് ഗവേഷണങ്ങൾ നടത്തിയിരുന്നത്. തലച്ചോറിനെ സ്പർശിക്കാതെ അതിനുള്ളിൽ എന്തു നടക്കുന്നു എന്ന് വായിച്ചെടുക്കുവാൻ ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. അടുത്തഘട്ടം 100% കൃത്യത കൈവരിക്കുകയായിരിക്കും. അതിനടുത്ത ഘട്ടം എന്തായിരിക്കും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ചിലപ്പോൾ മുമ്പിൽ നിൽക്കുന്ന ഒരാളുടെ തലച്ചോറിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ അടുത്തു നിൽക്കുന്ന ഒരാൾക്ക് നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണത്തിലൂടെ മനസ്സിലാക്കുവാൻ കഴിഞ്ഞേക്കാം! അതിനടുത്ത ഘട്ടം വിദൂരത്ത് ഇരിക്കുന്ന ഒരാളുടെ തലച്ചോറിൽ എന്തൊക്കെ നടക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയുന്ന അവസ്ഥ ആയിരിക്കാം!! നിർമ്മിത ബുദ്ധി സൃഷ്ടിക്കുന്ന വിസ്മയങ്ങൾ മനുഷ്യബോധത്തെ ഇളക്കിമറിക്കാൻ പോവുകയാണ്.

Share