കൊച്ചി: കുട്ടികളെ കൊണ്ട് ശരീരത്തിൽ ചിത്രം വരയ്ക്കുകയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി രഹന ഫാത്തിമ എറണാകുളം പോലീസ് സ്റ്റേഷനിൽ സി ഐ യ്ക്ക് മുമ്പില്‍ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ തള്ളിക്കളഞ്ഞതോടെയാണ് രഹ്ന ഫാത്തിമ കീഴടങ്ങിയത്. പോക്സോ, ഐടി നിയമങ്ങൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വീഡിയോ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തത് സംസ്ഥാന സൈബർഡോമിന്‍റെ റിപ്പോർട്ട് ലഭിച്ചതോടെയായിരുന്നു എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരവും ബാലനീതി നിയമപ്രകാരവും കേസ് നിലനിൽക്കുമെന്ന് കണ്ടതിനെത്തുടർന്നാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് . ഇതോടെ പ്രമുഖ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വഴി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിക്കളയുകയായിരുന്നു.
‘പുരുഷൻ അർദ്ധനഗ്നനായ നിൽക്കുമ്പോൾ കുഴപ്പമില്ല. സ്ത്രീ അങ്ങനെ ചെയ്താൽ പ്രശ്നമാകുന്നു. ജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയ്ക്കെതിരായി കേസാണ് ഇത്. സ്ത്രീ നഗ്നത എന്തുകൊണ്ടാണ് അശ്ലീലം ആകുന്നത്? അമ്മയുടെ ദേഹത്ത് കുട്ടികൾ ചിത്രം വരയ്ക്കുന്നത് പീഡനവും ലൈംഗികതയും ആകുന്നത് എങ്ങനെ?’ ഇതെല്ലാമാണ് രഹന ഹർജിയിൽ ഉയർത്തിയ ചോദ്യങ്ങൾ .



