ഡല്‍ഹി: കേരള നിയമസഭ പാസാക്കിയ സെമിത്തേരി നിയമപ്രകാരമാണു മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ മൃതസംസ്കാര നടപടികള്‍ നടത്തുന്നതെന്ന് ഓർത്തഡോക്സ് സഭ.മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തിലുള്‍പ്പെട്ട മലങ്കര സഭയുടെ സെമിത്തേരികള്‍ ഉപയോഗിക്കുന്നതിന് 1934ലെ സഭാഭരണഘടന അംഗീകരിക്കണമെന്ന വ്യവസ്ഥ പാടില്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഓർത്തഡോക്സ് സഭാധ്യക്ഷൻ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്.
പൊതുസ്ഥാപനങ്ങള്‍ യാക്കോബായ വിഭാഗം ഉള്‍പ്പെടെ ആർക്കും ഉപയോഗിക്കാമെന്നും സഭാധ്യക്ഷൻ സത്യവാങ്മൂലത്തില്‍
മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ മൃതസംസ്കാരച്ചടങ്ങുകള്‍ നടത്തുന്നത് 2020ല്‍ സർക്കാർ പാസാക്കിയ സെമിത്തേരി നിയമം അനുസരിച്ചാണെന്നും ഒരു വിഭാഗത്തിനെതിരേയും വിവേചനമില്ലെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കിയിട്ടുണ്ട്. പള്ളികള്‍ക്കോ സെമിത്തേരികള്‍ക്കോ പുറത്തുവച്ച് സംസ്കാര ശുശ്രൂഷ നടത്തുന്നവർക്ക് അവരുടെ താത്പര്യപ്രകാരമുള്ള വൈദികനെ നിയോഗിച്ച് ശുശ്രൂഷാചടങ്ങുകള്‍ നടത്താമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മലങ്കര സഭയുടെ സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങള്‍ യാക്കോബായ വിഭാഗം ഉള്‍പ്പെടെ ആർക്കും ഉപയോഗിക്കാമെന്നും സഭാധ്യക്ഷൻ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്