സാർക്ക് ആസിയാൻ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് പറക്കാനുള്ള അവസരം ഒരുക്കണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയൻ്റ് ഓഫ് കോള്‍ പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുമായി ചർച്ച നടത്തി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍. ഡല്‍ഹി രാജീവ് ഗാന്ധി ഭവനിലെ ഓഫീസില്‍ നവംബർ 6 ന് നടന്ന ചർച്ചയില്‍ ചേംബർ പ്രസിഡൻറ് ടി.കെ.രമേഷ് കുമാർ, വൈസ് പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത് മഖേച്ച, സെക്രട്ടറി സി. അനില്‍കുമാർ, ട്രഷറർ കെ.നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു. വളരെ അനുകൂലമായ സമീപനമാണ് കേന്ദ്ര വ്യോമയാന മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സാർക്ക് ആസിയാൻ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് പറക്കാനുള്ള അവസരം ഒരുക്കണം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാന സർവ്വീസുകള്‍ കുറവായതു കാരണം ഉയർന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ടിവരുന്നു. കാർഗോ ഫ്ലൈറ്റുകളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പോയിൻ്റെ ഓഫ് കോള്‍ പദവി ലഭിക്കുന്നത് വൈകിയാല്‍, ചുരുങ്ങിയ പക്ഷം സാർക്ക് ആസിയാൻ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് പറക്കാനുള്ള അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

അനന്തമായ വികസന സാധ്യതകൾ മന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു

കേരള മുഖ്യമന്ത്രി ഉള്‍പ്പെടെ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുണ്ടെന്നും കാര്യങ്ങളൊക്കെ ശ്രദ്ധയില്‍ ഉണ്ടെന്നും ഗവണ്‍മെൻ്റ്തലത്തില്‍ തീരുമാനം ഉണ്ടാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും അതിനായുള്ള ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.
2018 ഡിസംബറില്‍ പ്രവർത്തനമാരംഭിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ആദ്യ 10 മാസത്തിനുള്ളില്‍ തന്നെ 10 ലക്ഷത്തിലേറെ പേർ യാത്രചെയ്തിട്ടുണ്ടെന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കണ്ണൂർ വിമാനത്താവളത്തിന് മികച്ച അടിസ്ഥാന സൗകര്യമുണ്ടെന്നും അനന്തമായ വികസന സാധ്യതകളുണ്ടെന്നും മന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി ചേംബർ പ്രതിനിധി സംഘം പറഞ്ഞു.

മംഗലാപുരം എറണാകുളം കോഴിക്കോട് തിരുവനന്തപുരം തുടങ്ങിയ എയർപോർട്ടുകളില്‍ നിന്ന് ഈടാക്കുന്ന യാത്രാനിരക്കിനേക്കാള്‍ അതിഭീമമായ, താങ്ങാനാവാത്ത ഉയർന്ന യാത്രാ നിരക്കും വിമാനങ്ങളുടെ എണ്ണം കുറവും കണ്ണൂർ വിമാനത്താവളത്തിൻ്റെ കുതിപ്പിനും ഈ പ്രദേശത്തിൻ്റെ ടൂറിസം വികസനത്തിനും പ്രതിബന്ധം മാവുന്നതായി ചേംബർ ഭാരവാഹികള്‍ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി

പ്രശ്നപരിഹാരത്തിന് കൂടുതല്‍ വിമാന കമ്പനികളുമായി സംസാരിച്ച്‌ കുറഞ്ഞ നിരക്കില്‍ കണ്ണൂരില്‍ നിന്ന് വിമാന സർവീസുകള്‍ ആരംഭിക്കാനും മറ്റ് വിമാന കമ്പനികളുടെ സർവീസുകള്‍ ആരംഭിക്കുന്നതിന് അവരുമായി സംസാരിച്ച്‌ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. ചേംബർ ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ജനവരിയില്‍ കണ്ണൂരില്‍ എത്തിച്ചേരുമെന്ന് അറിയിച്ചതായി പ്രതിനിധികള്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →