പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഡി.എം.കെ പിന്തുണയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം. അതേസമയം കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു
കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്
രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം പകുതി കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നില്ല. സരിൻ്റെ സ്ഥാനാർത്ഥിത്വം കൂടെയുള്ളവർ പലരും അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും വോട്ടു ബി.ജെ.പിയിലേക്ക് പോകും. പാലക്കാട്ടെ മുസ്ലീം വോട്ടർമാർക്ക് യു.ഡി.എഫിനോട് വിരോധമുണ്ട്. കാലങ്ങളായി ബി.ജെ.പിയുടെ പേരു പറഞ്ഞ് മുസ്ലീം വോട്ടർമാരെ കബളിപ്പിക്കുകയാണ്. കോണ്‍ഗ്രസുകാരെക്കാളും സഹായിക്കുന്നത് ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പറഞ്ഞതേ നടക്കൂവെന്ന വാശിയാണ് പ്രതിപക്ഷ നേതാവിന്
രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമായിരുന്നു. ബിജെപി തോല്‍ക്കണം എന്നാഗ്രഹിക്കുന്ന കമ്മ്യുണിസ്റ്റുകാരനും വോട്ട് ചെയ്യാമായിരുന്നു. ഘടകക്ഷികള്‍ സംസാരിച്ചിട്ടും കോണ്‍ഗ്രസ് രാഹുലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാൻ തയ്യാറായില്ല. അഹങ്കാരമാണിത്. ഈ ധിക്കാരത്തിനുള്ള സമയമല്ല ഇത്. താന്‍ പറഞ്ഞതേ നടക്കൂവെന്ന വാശിയാണ് പ്രതിപക്ഷ നേതാവിന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
