കാസർഗോഡ് : ഇളനീരില്‍നിന്നു വൈൻ നിർമിക്കുന്നതിനായി ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി.
വെസ്റ്റ് എളേരി ഭീമനടിയിലെ സെബാസ്റ്റ്യൻ പി. അഗസ്റ്റിനാണ് ഇളനീരും പഴങ്ങളും ഉപയോഗിച്ചു വൈൻ നിർമിക്കാനും ബോട്ടില്‍ ചെയ്യാനുമുള്ള സർക്കാർ അനുമതി ലഭിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ചെറുകിട വൈനറി തുടങ്ങാനുള്ള അനുമതി ലഭിക്കുന്ന ആദ്യത്തെ കർഷക സംരംഭകനാണ് സെബാസ്റ്റ്യൻ പി.അഗസ്റ്റിൻ. നൂതന സാങ്കേതികവിദ്യയിലൂടെ ഇളനീരും പഴങ്ങളും ഉപയോഗിച്ചു വൈൻ നിർമിക്കുന്നതിനു സെബാസ്റ്റ്യൻ പി. അഗസ്റ്റിന് 2007ല്‍ പേറ്റന്‍റ് ലഭിച്ചിരുന്നു.
ലോകത്തില്‍ ഇളനീരില്‍നിന്നു വൈൻ നിർമിക്കുന്ന ആദ്യ പേറ്റന്‍റ് ലഭിച്ചതും അദ്ദേഹത്തിനാണ്
കേരള സ്മോള്‍ സ്കെയില്‍ വൈനറി റൂള്‍സ് 2022 എന്ന നിയമ നിർമാണത്തിലൂടെയാണ് പഴങ്ങളില്‍നിന്നു വൈൻ നിർമിക്കാനുള്ള അനുമതി ചെറുകിട വൈനറികള്‍ക്കു നല്‍കാൻ കേരള സർക്കാർ തീരുമാനിച്ചത്. ലോകത്തില്‍ ഇളനീരില്‍നിന്നു വൈൻ നിർമിക്കുന്ന ആദ്യ പേറ്റന്‍റ് ലഭിച്ചതും അദ്ദേഹത്തിനാണ്. ഒരു സ്റ്റാർട്ടപ്പ് സംരംഭമായിട്ടാണ് വൈനറി തുടങ്ങുന്നത്. റവന്യു വകുപ്പില്‍നിന്ന് 1998 ല്‍ ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച പാലമറ്റത്തില്‍ സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ ഇൻഫാമിന്‍റെ ദേശീയ വൈസ് ചെയർമാനായിരുന്നു.
ഡ്രാഗണ്‍ ഫ്രൂട്ട്, ചക്ക, പഴം, മാമ്പഴം, പപ്പായ മുതലായ വിവിധ ഇനം ഫലവർഗങ്ങളും വൈൻ നിർമാണത്തിന് ഉപയോഗിക്കും
ഭീമനടിയില്‍ സ്വന്തം സ്ഥലത്തുള്ള തെങ്ങുകളിലെ ഇളനീരും വിപുലമായി കൃഷി ചെയ്തിട്ടുള്ള ഡ്രാഗണ്‍ ഫ്രൂട്ട്, ചക്ക, പഴം, മാമ്പഴം, പപ്പായ മുതലായ വിവിധ ഇനം ഫലവർഗങ്ങളും വൈൻ നിർമാണത്തിന് ഉപയോഗിക്കും. കൂടുതല്‍ ആവശ്യത്തിന് മറ്റു കർഷക ഗ്രൂപ്പുകള്‍, കുടുംബശ്രീ, ഉത്പാദകസംഘങ്ങള്‍ എന്നിവരില്‍നിന്നും ആവശ്യാനുസരണം സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. വൈനറി ലൈസൻസ് ലഭിച്ചതറിഞ്ഞു തത്പരരായ അനവധി കർഷകരും സംരംഭകരും സെബാസ്റ്റ്യന്‍റെ സാങ്കേതിക വിദ്യ അറിയുന്നതിനും വിദഗ്ധ ഉപദേശത്തിനുമായി ബന്ധപ്പെടുന്നുണ്ട്
