തിരുവനന്തപുരം: ഡോ. പി. സരിനെ പാലക്കാടും മുൻ എംഎല്‍എ യു.ആർ. പ്രദീപിനെ ചേലക്കരയിലും സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചു. പി. സരിൻ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായാണു മത്സരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും മറ്റു പാർട്ടി ഘടകങ്ങളും അഭിപ്രായവ്യത്യാസം കൂടാതെയാണു ഇരുസ്ഥാനാർഥികളെയും തീരുമാനിച്ചതെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇടതുമുന്നണി ഒരു രാഷ്‌ട്രീയ മുന്നണിയാണ്. എക്കാലത്തും ശത്രുക്കളില്ല.
തെരഞ്ഞെടുപ്പില്‍ മാത്രമല്ല അല്ലാതെയും സ്വതന്ത്രരെ സ്വീകരിച്ച പാരമ്പര്യമാണു സിപിഎമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. പാലക്കാട്ട് പൊതുവോട്ടുകിട്ടുമെന്നത് ഉറപ്പാണ്. പാലക്കാട്ടെ കോണ്‍ഗ്രസ് പാർട്ടി മൂവർസംഘത്തിന്‍റെ പിടിയിലാണെന്നു സരിൻ പറയുന്നത് അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ്. 1957-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാർട്ടിയും സ്വതന്ത്രരും ചേർന്നാണ് അന്നു ഭരണമുണ്ടാക്കിയത്.
പാർട്ടി പ്രവർത്തകർ സരിനെ ഏറ്റെടുത്തു കഴിഞ്ഞുവെന്നും മികച്ച ജയം പാലക്കാടും ചേലക്കരയിലും ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷം കെ. കരുണാകരനും എ.കെ. ആന്‍റണിയും ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദുമൊക്കെയായി ചേർന്നു മത്സരിച്ചിട്ടുണ്ട്.
കെ. കരുണാകരന് അപ്പുറം ആരെയും പറയേണ്ടതില്ല, ഇവരെല്ലാം ഇടതുപക്ഷത്തെ വിമർശിച്ചിട്ടുണ്ട്. അന്നും വിമർശിച്ചിട്ടുണ്ട്. പിന്നീടും വിമർശിച്ചിട്ടുണ്ട്. ഇടതുമുന്നണി ഒരു രാഷ്‌ട്രീയ മുന്നണിയാണ്. എക്കാലത്തും ശത്രുക്കളില്ല. ഓരോ കാലത്തേയും രാഷ്‌ട്രീയ സാഹചര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുമായി ഡീലുണ്ടാക്കിയ യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയാണു ലക്ഷ്യം
ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പു നടന്നാലും ഇടതുമുന്നണിയുടെ പ്രധാനശത്രു ബിജെപിയാണ്. എന്നാല്‍ പാലക്കാട്ട് ബിജെപിയെ ജയിപ്പിക്കാൻ ഡീലുണ്ടാക്കിയ യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയാണു ലക്ഷ്യം. ജയിച്ച എംപിയായ കെ. മുരളീധരനെ മാറ്റി കെ.കെ. ശൈലജയ്ക്കെതിരേ മത്സരിക്കാൻ ഷാഫിപറമ്പിലിനെ വടകരയിലേക്കു കൊണ്ടുപോയപ്പോള്‍ തന്നെ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ അവിടെ ബിജെപിയുമായുള്ള ഡീല്‍ ഉണ്ടെന്നു വ്യക്തമായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു