കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ലോറിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ ഫലത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. മൃതദേഹം സെപ്തംബർ 28ന് രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും.
മൃതദേഹം വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെയ്ക്കും
28ന് രാവിലെ കണ്ണാടിക്കൽ ബസാറിൽനിന്നും വീട്ടിലേക്ക് വിലാപയാത്രയുണ്ടാകും. ജനപ്രതിനിധികളുടെ നേതൃത്വത്തിലാകും വിലാപയാത്ര. പൂളാടിക്കുന്നിൽനിന്ന് അർജുന്റെ സഹപ്രവർത്തകർ ആംബുലൻസിനെ വാഹനങ്ങളിൽ അനുഗമിക്കും.മൃതദേഹം വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. തുടർന്ന് അർജുൻ നിർമിച്ച വീടിനോട് ചേർന്ന് സംസ്കാരം നടക്കും.
ലോറിയുടെ കാബിനിൽ അർജുൻ്റെ മൊബൈൽ ഫോണും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും
ഗംഗാവലി പുഴയിൽനിന്നും സെപ്തംബർ 25 ബുധനാഴ്ച ഉയർത്തിയ ലോറിയിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. 26 വ്യാഴാഴ്ച രാവിലെ ലോറി ദേശീയപാതയുടെ അരികിലേക്ക് കയറ്റി. പിന്നീട് ലോറിയുടെ കാബിൻ പൊളിച്ചുമാറ്റി. കാബിനിൽനിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തിയിരുന്നു.