കേരളം: ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച്‌ നീതി ആയോഗ് മെമ്പർ ഡോ. വിനോദ് കെ. പോൾ. കുട്ടികളുടെ ആരോഗ്യത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാൻ കഴിഞ്ഞത് നേട്ടമാണ്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി സെക്രട്ടറിയേറ്റിൽ നടന്ന കൂടിക്കാഴ്ചയിലാണ് നീതി ആയോഗ് മെമ്പർ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചത്. വയോജന .ങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

രോഗ പ്രതിരോധത്തിനും കേരളം വലിയ പ്രാധാന്യം നൽകുന്നു.

കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കൊപ്പം രോഗ പ്രതിരോധത്തിനും കേരളം വലിയ പ്രാധാന്യം നൽകുന്നു. അർഹമായ കേന്ദ്ര വിഹിതം സമയബന്ധിതമായി ലഭ്യമാക്കുന്നതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനാകും. ഫീൽഡ്തല പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. മെഡിക്കൽ കോളേജുകളുടെ വികസന പ്രവർത്തനങ്ങൾക്കും കൂടുതൽ സഹായം ആവശ്യമാണ്.

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കേന്ദ്ര വിഹിതം കൂട്ടണം.

ബിപിഎൽ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നു. നിലവിൽ 23 ലക്ഷത്തോളം ആളുകളാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാൽ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം ആളുകൾക്കാണ് ചികിത്സാ സഹായം നൽകുന്നത്. ആ വിഹിതം സംസ്ഥാനമാണ് വഹിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കേന്ദ്ര വിഹിതം കൂട്ടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളും ചർച്ചയായി.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്‌.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, എൻഎച്ച്‌എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു

Share
അഭിപ്രായം എഴുതാം