അയോദ്ധ്യ: ദീപങ്ങളാല്‍ നിറഞ്ഞ സരയൂ തീരത്തെ സ്‌നാനഘട്ടുകള്‍. റോഡുകളും കെട്ടിടങ്ങളും വീടുകളും വര്‍ണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞു നിന്നു. കെട്ടിടങ്ങളുടെ ചുവരുകളില്‍ രാമകഥാ ചിത്രങ്ങള്‍. ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം ലഖ്നൗവില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തിയത് ഹെലികോപ്റ്ററില്‍. ശേഷം രാമക്ഷേത്ര ഭൂമി പൂജകള്‍ക്ക് തുടക്കം. വിദേശമാധ്യമങ്ങള്‍ അയോദ്ധ്യയിലെ രാമക്ഷേത്ര ഭൂമി പൂജ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു.
രാമക്ഷേത്ര നിര്‍മ്മാണം അന്താരാഷ്ട്ര മാധ്യമങ്ങളും പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്ഷേത്രനഗരമായ അയോദ്ധ്യയില്‍ ദീപാവലി നേരത്തെ എത്തിയെന്നാണ് യുകെയുടെ ഗാര്‍ഡിയന്‍ തലക്കെട്ട് എഴുതിയത്. ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ കൊണ്ടാടുന്ന ദീപാവലി ഉത്സവം നടക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍ അയോദ്ധ്യയില്‍ അത് നേരത്തെ എത്തിയിരിക്കുന്നു എന്നാണ് ഭൂമി പൂജയെ കുറിച്ച് പത്രങ്ങള്‍ എഴുതിയത്. ഈ ഹിന്ദു ക്ഷേത്രത്തിന്റെ അടിത്തറ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകള്‍ നീണ്ട ഏറ്റവും വൈകാരികവും തീവ്രവും യോജിപ്പും ഭിന്നിപ്പുമുള്ള വിഷയമായി കണക്കാക്കപ്പെടുന്നുവെന്നും ഗാര്‍ഡിയന്‍ എഴുതി. ക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രതീകാത്മക തുടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളി ശില കൊണ്ട് ആരംഭിച്ചതോടെ ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ക്കൊപ്പം ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലും മറ്റും സ്തുതിഗീതങ്ങള്‍ ചൊല്ലിക്കൊണ്ട് ആഘോഷങ്ങള്‍ നടന്നിരുന്നു. ടൈംസ് സ്‌ക്വയറിലും ശ്രീരാമ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അയോദ്ധ്യ ഭൂമി സംബന്ധിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കത്തെ ഇന്ത്യയിലെ ഏറ്റവും വിഷമകരമായ കോടതി കേസുകളിലൊന്ന് എന്നാണ് ബിബിസി വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള ആഘോഷങ്ങള്‍ക്കിടയിലും, വിദേശ മാധ്യമങ്ങള്‍ ഓഗസ്റ്റ് 5 എന്ന ദിവസത്തെ ആകസ്മികമായ പ്രാധാന്യവും ചൂണ്ടിക്കാണിച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒരു വര്‍ഷം ഓഗസ്റ്റ് 5ന് തികഞ്ഞിരുന്നുവെന്നതാണ് അത്.

