വനിതാകര്‍ഷകരുടെ വാഴത്തോട്ടം കാട്ടാനകള്‍ നശിപ്പിച്ചു..

അകമ്പാടം പൈങ്ങാക്കോട് അയല്‍ക്കൂട്ടം അംഗങ്ങളുടെ വാഴ തോട്ടത്തില്‍ കാട്ടാനകള്‍ വ്യാപക കൃഷിനാശം വരുത്തി.ചാലിയാര്‍ പഞ്ചായത്തിലെ പൈങ്ങാക്കോട് നരിപറമ്ബ് ജെഎല്‍ജി നിള അയല്‍ക്കൂട്ടത്തിന്‍റെ 400ല്‍ അധികം നേന്ത്രവാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. അയല്‍ക്കൂട്ട അംഗങ്ങളായ സുബൈദ, മൈമൂന, ഷെരീഫ, ബുഷ്റ എന്നിവരാണ് 1200 ലധികം നേന്ത്രവാഴകളും പൂവന്‍വാഴകളും നട്ടത്. വാഴകളുടെ സംരക്ഷണത്തിനായി തോട്ടത്തിന് ചുറ്റും സൗരവൈദ്യുതി വേലിയും സ്ഥാപിച്ചിരുന്നു.വൈദ്യുതി വേലി തകര്‍ത്താണ് രാത്രി കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. കുലച്ചതും പകുതി മൂപ്പായതും കുലക്കാത്ത വാഴകളുമാണ് നശിപ്പിച്ചത്. ഇതിന് മുമ്ബ് രണ്ടുതവണ കാട്ടാനകള്‍ തങ്ങളുടെ കൃഷിയിടത്തിലിറങ്ങി കൃഷി നാശം വരുത്തിയിട്ടും വനംവകുപ്പ് നഷ്ടപരിഹാരമായി ഒന്നും തന്നിട്ടില്ലെന്നും വനിതാ കര്‍ഷകര പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടും നഷ്ടപരിഹാരമായി ഒരു രൂപ പോലും ലഭിച്ചില്ല.വെള്ളിയാഴ്ച രാവിലെ അത്തിക്കാട് ഭാഗത്ത് കണ്ട കാട്ടാനകള്‍ തന്നെയാണ് കൃഷി നശിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. നിലമ്ബൂര്‍ കാനറ ബാങ്കില്‍ നിന്നു രണ്ടു ലക്ഷം രൂപ വായ്പ എടുത്താണ് ഇവര്‍ വാഴ കൃഷി നടത്തുന്നത്. ബാങ്ക് വായ്പ തിരിച്ചടക്കണമെങ്കില്‍ വനംവകുപ്പ് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവര്‍ പറയുന്നത്.ചാലിയാര്‍ പഞ്ചായത്തില്‍ കാട്ടാനകള്‍ ഏതാനും നാളുകളായി കൃഷി നശിപ്പിക്കുകയാണ്. നമ്ബൂരിപ്പൊട്ടി, മതില്‍മൂല, മൈലാടി, മൈലാടിപ്പൊട്ടി, അത്തിക്കാട്, എരഞ്ഞിമങ്ങാട്, പൊയിലായി, കല്ലുണ്ട ഭാഗങ്ങളിലെല്ലാം കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. വേനല്‍ കടുത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകാനാണ് സാധ്യത.ഏറെ പ്രതീക്ഷയോടെ നട്ടുവളര്‍ത്തിയ വാഴകള്‍ കാട്ടാന നശിപ്പിച്ചതോടെ ഇനി എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ഈ അയല്‍ക്കൂട്ട അംഗങ്ങള്‍. അഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് വനിതാ കര്‍ഷകര്‍ കൃഷി നടത്തുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →