ദില്ലി : പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന ജെഡിയു പ്രചാരണത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാഷ്ട്രീയ പര്യടനത്തിനിറങ്ങുന്നു. നാല് സംസ്ഥാനങ്ങളിലെ റാലികളില്‍ ഈ മാസം അവസാന വാരം മുതല്‍ നിതീഷ് പങ്കെടുക്കും. ഇന്ത്യ മുന്നണി യോഗത്തിലും നിലപാടറിയിക്കാനുള്ള നീക്കത്തിലാണ് ജെഡിയു.
അഞ്ച്സം സ്ഥാനങ്ങളില്‍ നടന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി മുതലെടുക്കാനാണ് ജെഡിയു നീക്കം. ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃപദവി ചോദ്യം ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിതിഷ് കുമാറെന്ന പ്രചാരണം ജെഡിയു ശക്തമാക്കുകയാണ്. കുര്‍മി വിഭാഗത്തില്‍ പെടുന്ന നിതീഷ് കുമാര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഉത്തര്‍പ്രദേശിലെ ഫുല്‍പൂരില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ജെഡിയു കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് രാഷ്ട്രീയ റാലികളുമായി സജീവമാകാനുള്ള നിതീഷിന്‍റെ തീരുമാനം.

