തൃശൂര്‍ : ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി എങ്ങണ്ടിയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ ഇതോടെ തീരദേശത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യമാണ് ലഭ്യമാകുന്നത്. ചേറ്റുവ കുന്നത്തങ്ങാടിയിലെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തീരദേശ പ്രദേശത്ത് 1996-ല്‍ വാടക കെട്ടിടത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. 2012-ല്‍ ചേറ്റുവ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. കെ.വി.അബ്ദുള്‍ ഖാദര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 90,00,000 രൂപ ഉപയോഗിച്ച് പ്രാഥമികാരോഗ്യകേന്ദ്രത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിനായി ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നഷണല്‍ ഹെല്‍ത്ത് മിഷന്റെ 15,50,000 രൂപയും പഞ്ചായത്തിന്റെ 5,59,374 രൂപ ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. രജിസ്‌ട്രേഷന്‍ വിഭാഗം, ഒ പി വിഭാഗം, ഡോക്ടേഴ്‌സ് കാബിന്‍, രോഗികളെ പരിശോധിക്കാനുള്ള നിരീക്ഷണമുറി, ഫാര്‍മസി, ലാബ് തുടങ്ങി മികച്ച സേവനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് ആറ് വരെ ഒ പി സൗകര്യം, രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ ലാബോറട്ടറി സൗകര്യം, ആഴ്ചയില്‍ ഒരു ദിവസം പ്രതിരോധ കുത്തിവെയ്പ്പ്, മാതൃ ശിശു സംരക്ഷണ സേവനങ്ങള്‍, ആശുപത്രി കേന്ദ്രീകരിച്ചുള്ള നഴ്സിങ് പരിചരണം, സൗജന്യ മരുന്ന് വിതരണം, വ്യാഴാഴ്ചകളില്‍ പ്രത്യേക ജീവിതശൈലി രോഗനിര്‍ണയ നിയന്ത്രണ ക്ലിനിക്കുകള്‍, ശനിയാഴ്ച്ച പ്രത്യേക വയോജന സൗഹൃദ ക്ലിനിക്കുകള്‍ തുടങ്ങിയ സേവനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോള്‍ ലഭ്യമാകും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എന്‍ ജ്യോതിലാലിന്റെ അദ്ധ്യക്ഷതയില്‍ കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന ബാലന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സന്തോഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഉഷ സുകുമാരന്‍, ഭാരതി ടീച്ചര്‍, പി.വി.സുരേഷ്, പാലിയേറ്റീവ് പ്രവര്‍ത്തകനായ റൗഫ് ചേറ്റുവ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിജയകുമാര്‍ കെ, ഹെല്‍ത്ത് സൂപ്പര്‍വൈസ് റ്റി.എസ്. സുബ്രഹ്മണ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ അബ്ദുള്‍ ജബ്ബാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.പി.പ്രസീത, ആശ പ്രവര്‍ത്തക അനിത മുരുകേശന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റി.എ.ജയജ് നന്ദി പറഞ്ഞു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6674/-Engandiyoor-Family-Health-Center.html