കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നൽകിയ ഹർജിയിൽ അനുകൂലവിധിയുമായി ഹൈക്കോടതി. കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നല്കാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പ്രസ്താവിച്ചത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം 47,35,000 രൂപ ഷാജിയ്ക്ക് തിരികെ ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം വിട്ട് നൽകണമെന്ന കെ.എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി. കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവർത്തകൻ ഹരീഷിൻറെ പരാതിയിലാണ് കെ എം ഷാജിയ്ക്കെതിരെ കേസെടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

