കോഴിക്കോട്: കോഴിക്കോട് ആരോഗ്യ വിദഗ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ മുഴുവൻ വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ എ. ഗീത ഉത്തരവിറക്കി. ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഫറോക്ക് മുൻസിപ്പാലിറ്റിയിലും കോഴിക്കോട് കോർപ്പറേഷനിലെ ബന്ധപ്പെട്ട വാർഡുകളിലും ആയുളള സോണുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാസാമ്പിളുകൾ നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.
വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ 2023 സെപ്റ്റംബർ 21ന് പിൻവലിച്ചിരുന്നു. ഇതോടെ ജില്ലയിൽ നിപ്പയുമായി ബന്ധപ്പെട്ട കണ്ടെയിൻമെന്റ് സോണുകൾ ഇല്ലാതായി..
അതേസമയം, പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ തുടരണം. ഇക്കാര്യം ബന്ധപ്പെട്ട വാർഡുകളിലെ ആർ.ആർ.ടിമാരും ആരോഗ്യപ്രവർത്തകരും ഉറപ്പുവരുത്തും..
ജില്ലയിൽ 2023 ഒക്ടോബർ ഒന്ന് വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തും. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
.

