തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരയ്ക്ക് പണം നൽകി മൊഴി മാറ്റാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി. ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച് മൂന്നു മാസത്തിനു ശേഷമാണ് അഭിഭാഷകനായ അജിത്ത് തങ്കയ്യനെ ആഭ്യന്തരവകുപ്പ് പിരിച്ചുവിട്ടത്. അഭിഭാഷകൻ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വിജിലൻസ് കണ്ടെത്തൽ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.
ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് നടപടികൾ ആരംഭിച്ചത്. ഇന്നലെയാണ് നെയ്യാറ്റിൻകര പോക്‌സോ കോടതിയിൽ വിചാരണയിലിരിക്കുന്ന കേസിലെ ഇരയെയാണ് സർക്കാർ അഭിഭാഷകൻ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതി ഉയർന്നത്. ഇരയ്‌ക്കൊപ്പം നിന്ന് നീതി വാങ്ങി കൊടുക്കാൻ നിയോഗിച്ച അഭിഭാഷകൻ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ജില്ല ലീഗൽ സർവ്വീസ് അതോറ്ററിയാണ് അന്വേിഷിക്കാൻ നിർദ്ദേശിച്ചത്. ഇര നൽകിയ പരാതിയിലായിരുന്നു അന്വേഷണം.
വിജിലൻസ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിന്റെ അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തി. പോക്‌സോ കോടതിയിലെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും മാറ്റുകയും കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്യണമെന്നായിരുന്നു ഡയറക്ടറുടെ ശുപാർശ. മൂന്നു മാസം മുമ്പ് ശുപാർശ നൽകിയിട്ടും ആഭ്യന്തരവകുപ്പ് നടപടിയെടുക്കാതെ വൈകിപ്പിച്ചു. ആരോപണ വിധേയനായ ഇതേ അഭിഭാഷകനാണ് കഴിഞ്ഞ മൂന്നു മാസമായി മറ്റ് പോക്‌സോ കേസുകളിലും ഹാജരായത്. സിപിഎം കാഞ്ഞികംകുളം ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് അജിത് തങ്കയ്യൻ. വിജിലൻസ് ആഭ്യന്തര വകുപ്പ് ആണ് ഉത്തരവിറക്കിയത്. അതേസമയം, കേസെടുത്ത് അന്വേഷണം വേണമെന്ന ശുപാർശയിൽ നടപടി ഇതേ വരെ ആയിട്ടില്ല.

