വെള്ളത്തില്‍ ഭാരത് മണ്ഡപം: പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വെള്ളക്കെട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) പ്രചരിക്കുന്ന ദൃശ്യങ്ങളില്‍, വെള്ളം മോട്ടര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതു കാണാം. സംഭവത്തിനു പിന്നാലെ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്തെത്തി.അന്‍പതിലേറെ പരിശോധനകള്‍ നടത്തിയിട്ടും മണ്ഡപത്തിനു ചുറ്റുമുള്ള പ്രധാനഭാഗം വെള്ളത്തില്‍ മുങ്ങിയെങ്കില്‍ നടപടി വേണം. ഇതു വളരെ ഗുരുതരമായ കാര്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഏരിയയില്‍ എനിക്ക് യാതൊരു അധികാരവുമില്ല’ -ഡല്‍ഹി മന്ത്രിയും എ.എ.പി. നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഭാരത് മണ്ഡപത്തിലുണ്ടായ വെള്ളക്കെട്ടില്‍ കോണ്‍ഗ്രസും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. 2,700 കോടി രൂപയാണു ഭാരത് മണ്ഡപം പണിയാനായി മുടക്കിയത്. ബി.ജെ.പിയുടെ വികസന വാദങ്ങള്‍ പൊള്ളയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
നിലവില്‍ പ്രശ്നം പരിഹരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.
‘രാത്രി മുഴുവന്‍ കനത്ത മഴയായിരുന്നു. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാനായി വാഹനങ്ങളും ജീവനക്കാരും ഉണ്ട്’ -ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. അതേസമയം, ഭാരത് മണ്ഡപം ഉള്‍പ്പെടുന്ന പ്രദേശത്ത് ചെറിയ രീതിയിലുള്ള വെള്ളക്കെട്ടു മാത്രമാണു രൂപപ്പെട്ടതെന്നും അതിനെ പര്‍വതീകരിച്ചു കാണിക്കുന്നതാണു നടക്കുന്നതെന്നും പി.ഐ.ബിയുടെ ഫാക്ട് ചെക്ക് ടീം എക്സ് പ്ലാറ്റ്ഫോമില്‍ വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →