ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 290 പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. അറസ്റ്റിലായ മൂന്നു റെയിൽ വേ ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ അരുൺകുമാർ മൊഹന്ത, സെക്ഷൻ എൻജിനിയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷൻ പപ്പകുമാർ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
അപകത്തിന് ഇടയാക്കിയത് സിഗ്നലിംഗ് ഓപ്പറേഷൻസ് വിഭാഗങ്ങളുടെ വീഴ്ചയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിഗ്നലിംഗ് റൂമിൽ കൃത്രിമം നടന്നെന്ന് ചൂണ്ടിക്കാട്ടി ജൂൺ 28 ന് റെയിൽ സുരക്ഷാ കമ്മിഷണർ റെയിൽവേ ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ട്രാക്കിന്‍റെ അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കാതെ ട്രെയിൻ കടത്തിവിടുന്നതിന് ഗ്രീൻ സിഗ്നൽ നൽകിയതെന്നാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

