അച്ഛനും അമ്മയും പെട്ടെന്ന് മരിച്ച സംഭവത്തിൽ മകൻ പിടിയിൽ

മംഗളുരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മംഗലാപുരത്ത് അർകൽഗുഡ് ബിസിലഹള്ളി സ്വദേശിയായ 27 വയസുകാരൻ മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് നഞ്ചുണ്ടപ്പ (55), മാതാവ് ഉമ (48) എന്നിവർ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. 2023 ഓഗസ്റ്റ് 15-ാം തീയ്യതിയാണ് മഞ്ജുനാഥ് മാതാപിതാക്കളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് പിന്നീട് കണ്ടെത്തി.

വിഷം കലർന്ന ഭക്ഷണം കഴിച്ച് അവശരായ ഇരുവരെയും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവർ സുഖം പ്രാപിക്കുകയും പിന്നീട് വീട്ടിലേക്ക് വരികയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇരുവരും പെട്ടെന്ന് മരണപ്പെടുകയായിരുന്നു. കീടനാശിനികൾ ശരീരത്തിൽ എത്തിയാൽ അവയുടെ അവശിഷ്ടങ്ങൾ ആഴ്ചകളോളും ശരീരത്തിനുള്ളിൽ നിലനിൽക്കുമെന്നും പിന്നീടും അവ പെട്ടെന്നുള്ള മരണ കാരണമായി മാറാമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

.സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ്, ദമ്പതികളുടെ രണ്ടാമത്തെ മകനായ മഞ്ജുനാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പരസ്ത്രീ ബന്ധത്തെ മാതാപിതാക്കൾ എതിർക്കുകയും പണം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി ഭക്ഷണത്തിൽ വിഷം കലർത്തി ഇരുവരെയും വകവരുത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് കണ്ടെത്തി.

ഇരുവരുടെയും മരണത്തിന് ശേഷം അധികൃതരെ വിവരമറിയിക്കാതെ മൃതദേഹം വേഗം ദഹിപ്പിക്കാനും ഇയാൾ ശ്രമിച്ചു. എന്നാൽ ദമ്പതികളുടെ മറ്റൊരു മകൻ മരണത്തിൽ അസ്വഭാവികത ആരോപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് വീട്ടിലെത്തി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അയച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അസ്വാഭാവിക മരണമെന്ന തരത്തിലാണ് സംശയം രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മഞ്ജുനാഥിനെ ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →