തിരുവനന്തപുരം : വൈദ്യുതി കരാറുകളുടെ കാലാവധി നീട്ടിയതിനെത്തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരമായ പശ്ചാത്തലത്തിൽ ലോഡ് ഷെഡിങ് ഉണ്ടാകില്ല..വൈദ്യുതി കരാറുകൾ 2023 ഡിസംബർ 31വരെയാണ് നീട്ടിയിരിക്കുന്നത്. . വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അർദ്ധരാത്രി ഉത്തരവിറക്കുകയായിരുന്നു.
നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബർ 31 വരെ നീട്ടി. 2024 ജനുവരി 1 മുതൽ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. ലോഡ് ഷെഡ്ഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് കമ്മിഷന്റെ നടപടി. പുതിയ കരാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം. മഴ കുറഞ്ഞത്തിനെ തുടർന്നുള്ള പ്രതിസന്ധി ഒഴിവാക്കാൻ കെഎസ്ഇബി മാനേജ്മെന്റ് വേഗത്തിൽ തീരുമാനമെടുക്കണം. നിലവിലുള്ള പ്രതിസന്ധി കരാർ റദ്ദാക്കിയത് കാരണമല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. മഴ കുറഞ്ഞതിനെ തുടർന്ന് ആഭ്യന്തര ഉത്പാദനവും കുറഞ്ഞുവെന്നും കമ്മിഷൻ വിശദീകരിക്കുന്നു.
കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെയാണ് 2023 ഓഗസ്റ്റ്വൈ 21 ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്. എന്നാൽ ലോഡ് ഷെഡിംഗ് വേണമോ എന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഓഗസ്റ്റ് 25ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ വിഷയം അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങൾ നൽകാൻ റെഗുലേറ്ററി കമ്മീഷൻ നിർദേശം നൽകിയിരുന്നു. കരാർ നീട്ടണമെന്ന അപേക്ഷയിൽ വാദം കേട്ട ശേഷമാണ് കമ്മീഷൻ നിർദേശം നൽകിയത്

