കെഎസ്ആർടിസിയിൽ സംയുക്ത യൂണിയൻ പണിമുടര്രിലേക്ക്. 2023 ജൂലൈ മാസത്തിലെ ശമ്പളം ജീവനക്കാർക്ക് ഇതുവരെ നൽകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നത്. ശമ്പളം പ്രതിസന്ധിയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി സിഐടിയു യൂണിയനും. . കോൺഗ്രസ് അനുകൂല ടിഡിഎഫ് യൂണിയനുമായി ചേർന്നാണ് സിഐടിയു പണിമുടക്ക് പ്രഖ്യാപിച്ചത്. 2023 ഓഗസ്റ്റ് 26ന് ആണ് കെഎസ്ആർടിസിയിലെ സംയുക്ത യൂണിയൻ പണിമുടക്കുന്നത്.
ഓണം ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, സ്ഥലം മാറ്റ ആവശ്യങ്ങൾ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ശമ്പളം വിതരണത്തിനായി 30 കോടി ധനവകുപ്പ് അനുവദിച്ചെന്നും, പണം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം നൽകുമെന്നുമാണ് കഴിഞ്ഞ മാസം 26ന് സിഎംഡി ബിജു പ്രഭാകർ ഹൈക്കോടതിയിൽ അറിയിച്ചത്. ശമ്പള വിതരണത്തിനും കുടിശ്ശികക്കുമായുള്ള കെഎസ്ആർടിയുടെ 130 കോടിയുടെ അപേക്ഷ പരിഗണനയിൽ ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കേന്ദ്രസർക്കാരിൽ നിന്നും കിട്ടാനുള്ള പണം സംസ്ഥാന സർക്കാരിന് ലഭിക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
കെഎസ്ആർടിസിയെ സഹായിക്കാനായില്ലെങ്കിൽ അടച്ചു പൂട്ടാനും കോടതി സർക്കാരിനോട് വിമർശന സ്വരത്തിൽ ആവർത്തിച്ചിരുന്നു. അതേസമയം കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ഈ മാസം 15നകം അറിയിക്കാനാണ് സർക്കാരിന് കോടതിയുടെ നിർദേശം.

