ജന്‍ ആരോഗ്യ യോജന പദ്ധതിയില്‍ ഗുരുതര പിഴവുകളെന്ന് സി.എ.ജി.

-മരിച്ചവര്‍ക്കും ചികിത്സ, ഏഴുലക്ഷം പേര്‍ക്ക് ഒരേ ഫോണ്‍ നമ്പര്‍

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) പദ്ധതിയില്‍ ഗുരുതര പിഴവുകളെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 7.5 ലക്ഷത്തോളം ഗുണഭോക്താക്കളെ ഒരേ മൊബൈല്‍ നമ്പറില്‍നിന്നു ബന്ധിപ്പിച്ചതായാണ് പ്രധാന ആക്ഷേപം. 999999999 എന്ന നമ്പറുമായാണ് ഇത്രയധികം ആള്‍ക്കാരെ ബന്ധിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച ലോക്സഭയില്‍ സി.എ.ജി അവതരിപ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
ബെനിഫിഷ്യറി ഐഡന്റിഫിക്കേഷന്‍ സിസ്റ്റത്തിന്റെ (ബിഐഎസ്) ഡാറ്റാ വിശകലനം നടത്തിയതില്‍ നിന്നും ഒരേ നമ്പറില്‍ നിന്നോ അസാധുവായ നമ്പറുകളില്‍ നിന്നോ നിരവധി ഗുണഭോക്താക്കളുള്ളതായി കണ്ടെത്തി. 1119 മുതല്‍ 7,49,820 വരെ ഗുണഭോക്താക്കളെ ഇത്തരത്തില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. 8888888888 എന്ന ഫോണ്‍ നമ്പറിലേക്ക് 1,39,300 ഗുണഭോക്താക്കളെ ബന്ധിപ്പിച്ചിട്ടുണ്ട്. 96,046 പേര്‍ 9000000000 എന്ന നമ്പറും ഇതേരീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്
ഐഡി ഇല്ലാതെ രജിസ്‌ട്രേഷന്‍ ഡെസ്‌കിനെ സമീപിച്ചേക്കാവുന്ന ഗുണഭോക്താളുടെ രേഖകള്‍ തിരിച്ചറിയണമെങ്കില്‍ മൊബൈല്‍ നമ്പറുകള്‍ പ്രധാനമാണ്. ഇ-കാര്‍ഡ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഗുണഭോക്താവിനെ തിരിച്ചറിയുന്നതിനും ഇത്തരം പിഴവുകള്‍ ബുദ്ധിമുട്ടാണ്ടാക്കും. ഇത് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സ്‌കീം ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പി.എം.ജെ.എ.വൈയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുടുംബങ്ങളുടെ വലിപ്പത്തിന്റെ കാര്യത്തില്‍ വലിയ ക്രമക്കേടുള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 43000-ത്തിലധികം വീടുകളില്‍ 11 മുതല്‍ 201 വരെ അംഗങ്ങളുള്ളതായാണു കണക്ക്. അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ ഒഴിവാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത് അനര്‍ഹരായ വ്യക്തികള്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നതിന് കാരണമാകും. ഇത്തരം വിഷയങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം അധികമായി നല്‍കുന്നതിന് കാരണമായതായും ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
രാജ്യത്താകെ നിരവധി പേര്‍ ഇത്തരത്തില്‍ പദ്ധതിയെ ദുരുപയോഗം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഗികള്‍ മരിച്ചതിന് ശേഷം ചികിത്സ നല്‍കിയെന്നതടക്കമുള്ള ഗുരുതര പിഴവുകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളം, മധ്യപ്രദേശ്, ഹരിയാണ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തട്ടിപ്പുകളില്‍ കൂടുതലും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →