ഹരിയാന: ഹരിയാനയിലുണ്ടായ സംഘർഷത്തെത്തുടർന്ന് നൂഹ്, ഗുരുഗ്രാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദേശം തുടരുന്നു. ഉത്തർപ്രദേശിലും ദില്ലിയിലും ഹരിയാനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ശക്തമായ നിരീക്ഷണം പൊലീസ് ഏർപ്പെടുത്തി. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പുതിയ അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. നുഹിൽ 700 പേരോളം വരുന്ന അക്രമകാരികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. അവരെ ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷനുനേരെ ഇവർ കല്ലുകൾ വലിച്ചെറിഞ്ഞു. 2023 ജൂലൈ 31 തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം.
കല്ലേറിനു ശേഷം ആൾക്കൂട്ടം പൊലീസുകാർക്ക് നേരെ വെടിയുതിർത്തെന്നും വെടിവെപ്പിൽ നിരവധി പൊലീസുകാർക്ക് പരുക്കേറ്റു എന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷന്റെ ഗേറ്റിലേക്ക് ആൾക്കൂട്ടം ബസ് ഇടിച്ചുകയറ്റി. പൊലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും ആൾക്കൂട്ടം പിന്മാറിയില്ല എന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം സംഘർഷത്തിന് ദിവസങ്ങൾക്കു മുൻപ് ഒരു വിഭാഗത്തെ പ്രകോപിതരാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളി ഉയർത്തിയുള്ള വീഡിയോകൾ മറ്റൊരു വിഭാഗം പങ്കുവെച്ചതായുള്ള റിപ്പോർട്ട് പുറത്തെത്തിയിട്ടുണ്ട്. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നും സൂചനയുണ്ട്. ഒരു വിഭാഗം നടത്തിയ യാത്രയെ സംബന്ധിച്ചുള്ള വിശദവിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. സംഘർഷത്തിൽ അറസ്റ്റിലായ 116 പേരെ റിമാന്റ് ചെയ്തു. 190 പേർ ഇപ്പോഴും കരുതൽ തടങ്കലിലാണ്. ചില പ്രദേശങ്ങളിൽ ഇന്റർനെറ്റിന്റെ താൽക്കാലിക നിരോധനവും നിരോധനാജ്ഞയും തുടരുകയാണ്.

