ആലപ്പുഴ: ഇരുമ്പുകമ്പി മോഷ്ടിക്കാൻ ശ്രമിക്കവേ യുവാവ് പൊലീസിന്റെ പിടിയിലായി. ആലപ്പുഴ നെടുമുടി പഞ്ചായത്ത് 10 വാർഡിൽ കിഴക്കേടം വീട്ടിൽ വിജേഷ് (27)നെയാണ് നെടുമുടി പൊലീസ് പിടികൂടിയത്. ആലപ്പുഴ ചമ്പക്കുളം പടാഹാരം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മെട്രിക് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇറക്കിവെച്ചിരുന്ന 25 കിലോഗ്രാം ഭാരം വരുന്ന ഇരുമ്പ് കമ്പികളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. 2023 ഓഗസ്റ്റ് 1ന് പുലർച്ചെയാണ് സംഭവം.
പകൽ സമയം പല സ്ഥലങ്ങളിലെ വർക്ക് സൈറ്റുകളിലും പരിസരത്തും ചുറ്റിത്തിരിഞ്ഞ ശേഷം രാത്രി സമയത്ത് സ്ഥലത്തെത്തി മോഷണം നടത്തുന്നതാണ് പ്രതിയുടെ മോഷണ രീതി. സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, സബ് ഇൻസ്പെക്ടർ രാജേഷ് എൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

