ബ്രിജ് മണ്ഡൽ ജലഭിഷേകിനിടെ വ്യാപക അക്രമം: രണ്ട് ഹോംഗാർഡുമാർ വെടിയേറ്റ് മരിച്ചു. ഏഴു പൊലീസുകാർക്കു പരുക്ക്

ചണ്ഡിഗഡ് : വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലി, ബ്രിജ് മണ്ഡൽ ജലഭിഷേകിനിടെ വ്യാപക അക്രമം.വെടിയേറ്റ് രണ്ട് ഹോംഗാർഡുമാർ കൊല്ലപ്പെട്ടു. ഏഴു പൊലീസുകാർക്കു പരുക്കേറ്റു. ഗുരുഗ്രാം അൽവാർ ദേശീയപാതയിൽ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലുകൾ എറിയുകയും ചെയ്തതാണു സംഘർഷത്തിന്റെ തുടക്കം. ബജ്റംഗ്ദൾ പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണു റിപ്പോർട്ട്.

ബജ്റംഗ്ദൾ പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും വിഡിയോ പ്രചരിപ്പിച്ചതായും റാലി നടക്കുന്നതിനിടെ മേവാദിൽ താനുണ്ടാകുമെന്നു പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തായി ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഇവരെ റാലിക്കിടെ കണ്ടതായും നിരവധിപ്പേർ പറഞ്ഞു…

നിരവധി കാറുകൾ അക്രമികൾ കത്തിച്ചു. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും അന്തരീക്ഷത്തിലേക്കു വെടിയുതിർക്കുകയും ചെയ്തു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ പറഞ്ഞു.
അക്രമം തുടരവേ കൂടുതൽ സേനയെ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റാലിയിൽ പങ്കെടുക്കാനെത്തി ക്ഷേത്രത്തിൽ അഭയം തേടിയ 2,500 ഓളം പേരെ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ സ്ഥലത്തുനിന്നു മാറ്റി. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും കൂട്ടം കൂടുന്നതു നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →