പത്തനംതിട്ട : നൗഷാദ് തിരോധാന കേസിൽ യുവാവിനെയും കുടുക്കാൻ പൊലീസ് ശ്രമിച്ചതായി റിപ്പോർട്ട്. അഫ്‌സാനയുടെ റിമാൻഡ് റിപ്പോർട്ടിലാണ് രാജേഷ് എന്നയാളുടെ പേര് പരാമർശിക്കുന്നത്. നൗഷാദ് തിരികെയെത്തിയില്ലായിരുന്നെങ്കിൽ രാജേഷും കേസിൽ പ്രതിയാകുമായിരുന്നു. രാജേഷ് എന്ന സുഹൃത്തിന് കേസിൽ പങ്കുണ്ടെന്ന് അഫ്‌സാന മൊഴിനൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അഫ്‌സാന മനഃപൂർവം തെറ്റിദ്ധരിപ്പിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. നൗഷാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി മൊഴിയുണ്ടായിരുന്നതായും പോലീസ് പറയുന്നു. റിമാൻഡ് റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ലഭിച്ചു.
മൃതദേഹം മറവ് ചെയ്യാൻ രാജേഷ് സഹായിച്ചതായാണ് അഫ്‌സാനയുടെ മൊഴിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന വകുപ്പും ചേർത്ത് ആണ് റിമാൻഡ് റിപ്പോർട്ട്. മൃതദേഹം സമീപത്തെ സെമിത്തേരിയിലെ കല്ലറയിൽ എന്ന് അഫ്‌സാന മൊഴി നൽകിയതായി പൊലീസ് പറയുന്നു.
കൊലക്കുറ്റം പൊലീസ് തനിക്ക് മേൽ അടിച്ചേൽപ്പിച്ചെന്ന അഫ്സാനയുടെ ആരോപണത്തിൽ വകുപ്പുതല അന്വേഷണത്തിന് നിർദേശം നൽകി. പത്തനംതിട്ട എ എസ് പിക്കാണ് അന്വേഷണ ചുമതല. പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതാണെന്ന് അഫ്സാന പറഞ്ഞിരുന്നു. രണ്ട് ദിവസം തുടർച്ചയായി തന്നെ പൊലീസ് ക്രൂരമായി മർദിച്ചു എന്നും പിതാവിനെയടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു

