കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പെൺകുട്ടിയുടെ പിതാവ്. കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെ ഉടൻ പിടികൂടണം. മകളെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹം. തന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണ്. സർക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതിയില്ല. സർക്കാരിലും പൊലീസിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് ആലുവ തായിക്കാട്ടുകരയിൽ നിന്നു കാണാതായ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോട് ചേർന്ന് പുഴയോരത്ത് ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. പീഡിപ്പിച്ച ശേഷം കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ പ്രതി അസഫാക് ആലത്തിനെ കോടതിയിൽ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ പ്രതിയെ വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകുന്നത്.

