ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ മുന്നേറി ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നു. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ 80-ാം റാങ്കിലേക്കാണ് ഇന്ത്യ ഉയര്‍ന്നത്. ഇതോടെ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ കൂടാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 57 ആയി ഉയര്‍ന്നു. 2022ല്‍ 85-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവില്‍ ടോഗോ, സെനഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
ഇന്തോനേഷ്യ, തായ്ലന്‍ഡ്, റുവാണ്ട, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുക. വിസ കൂടാതെയോ വിസ-ഓണ്‍-അറൈവല്‍ വഴിയോ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാകും. എന്നാല്‍ ചൈന, ജപ്പാന്‍, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തുടങ്ങി 177 രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും മുന്‍കൂര്‍ വിസ ആവശ്യമാണ്.192 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സ്വന്തമാക്കി സിംഗപ്പൂര്‍ പട്ടികയില്‍ ഒന്നാമതെത്തി. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് സിംഗപ്പൂരിന്റെ നേട്ടം. ഒരു പതിറ്റാണ്ട് മുമ്പ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന യുഎസ് എട്ടാം സ്ഥാനത്തെത്തി.27 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസരഹിത പ്രവേശനം സാധ്യമായ അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്.മുന്‍കൂര്‍ വിസയില്ലാതെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് ചെയ്യുന്ന ആധികാരിക റാങ്കിംഗാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്. 199 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ വിസ രഹിത പ്രവേശനമാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക റാങ്കിങ്ങിനായി തെരഞ്ഞെടുക്കുന്നത്. വിസ ആവശ്യമില്ലെങ്കില്‍ ആ പാസ്പോര്‍ട്ടിന് 1 സ്‌കോര്‍ ലഭിക്കും. ഇതനുസരിച്ചാണ് റാങ്കിങ് നല്‍കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →