തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരായ മുസ്ലീം ലീഗ് സെമിനാറിൽ ക്ഷണിച്ചാൽ സിപിഐഎം പങ്കെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സെമിനാറിന് എത്താത്തത് കൊണ്ട് ലീഗിനോട് വിരോധമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നത് കൊണ്ടാണ് അതിനെ ഇഎംഎസ് എതിർത്തതെന്നും അതേ കാരണം കൊണ്ട് തന്നെയാണ് തങ്ങളും എതിർത്തതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു. ഇന്ത്യയിലെബഹുസ്വരതയും മതനിരപേക്ഷതയും ഇല്ലാതാക്കുന്നതാണ് ഏക സിവിൽ കോഡ്. ഏക സിവിൽ കോഡ് അടുത്ത ഇലക്ഷനെ ലക്ഷ്യം വച്ച് ബിജെപി എടുത്തിട്ട വിഷയമാണ്. ഏക സിവിൽ കോഡ് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയം എന്ന് വരുത്തി തീർക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടാകാം. എന്നാൽ ഇത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ എൽഡിഎഫിലെ ഒരു കക്ഷിയുമായും സിപിഐഎമ്മിന് യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലെന്ന് എം വി ഗോവിന്ദൻ പറയുന്നു. വിഷയത്തിൽ ഇടതുമുന്നണിയുടെ ധാരണകളും നിലപാടുകളും വ്യക്തമാണ്. കോൺഗ്രസിന്റെ ഈ വിഷയത്തിലെ നിലപാടിൽ വ്യക്തതയില്ല. ജമാഅത്തി ഇസ്ലാമി ഉൾപ്പെടെയുള്ളവരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും കോൺഗ്രസ് പാർട്ടിയ്ക്കും ബന്ധമുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഏക സിവിൽ കോഡിൽ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനെ സംശയിക്കുന്നില്ലെന്ന് എം വി ഗോവിന്ദൻ പറയുന്നു. ജമാഅത്തെ ഇസ്ലാമിയും മറ്റു മുസ്ലിം സംഘടനകളും തമ്മിൽ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഏക സിവിൽ കോഡ് വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് വ്യത്യസ്ത അഭിപ്രായമുള്ളതായി അറിയില്ല. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന് മുൻപുണ്ടായിരുന്ന നിലപാടുകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ല. ഇപ്പോൾ എന്താണ് പറയുന്നത് അതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

