കോടതികളിൽ കണ്ണുനട്ട് ശിവശങ്കർ; ജാമ്യ ഹർജിയിൽ നിർണായക തീരുമാനം 2023 ജൂലൈ 12 ന്

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി 2023 ജൂലൈ 12 ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ പിന്മാറിയിരുന്നു. ഹർജി ജസ്റ്റിസ് കൗസറിന്റെ ബെഞ്ചിൽ നിലനിൽക്കില്ലെന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ വാദം അംഗീകരിച്ചായിരുന്നു പിന്മാറ്റം.

ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ശിവശങ്കർ നൽകിയ ഹർജി യഥാർഥമാണെന്ന് കരുതുന്നതായും, മെഡിക്കൽ റിപ്പോർട്ടിൽ നിന്ന് അക്കാര്യം വ്യക്തമാണെന്നും അന്ന്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മെഡിക്കൽ രേഖകളിൽ സംശയമുള്ളതായാണ് ഇ ഡി നിലപാട്. നേരെത്തെ ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം സർവീസിൽ നിന്ന് വിരമിക്കും വരെ ഓഫിസിൽ പോയിരുന്നതായും ഇ ഡിചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ അഞ്ച് മാസമായി ജയിലിൽ കഴിയുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ശിവശങ്കറിന്റെ ജാമ്യാപേക്ഷ 2023 ജൂലൈ 12 ന് സുപ്രീം കോടതി പരിഗണിച്ചേക്കും. ജൂൺ പന്ത്രണ്ടിന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഏഴാം തിയതി കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി പറഞ്ഞിരുന്നു. 2023 ഫെബ്രുവരി 14 നാണ് ശിവശങ്കർ അറസ്റ്റിലായത്. ഇതിന് ശേഷം ജാമ്യാപേക്ഷയുമായി ശിവശങ്കർ കൊച്ചിയിലെ പ്രത്യേക ഇ ഡി കോടതിയിലും ഹൈക്കോടതിയിലും എത്തിയിരുന്നെങ്കിലും ഇവയെല്ലാം തളളിയിരുന്നു. ഇതിന് ശേഷമാണ് ശിവശങ്കർ 2023 ഏപ്രിലിൽ സുപ്രീംകോടതിയിൽ ജാമ്യ ഹർജിയുമായി എത്തിയത്. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെങ്കിൽ ഹൈക്കോടതിയെ സമീപ്പിക്കാൻ ആദ്യമെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനക്ക് എത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →