ഹൈദരാബാദ്: തെലങ്കാനയിൽ 6,100 കോടി രൂപയുടെ വികസന പദ്ധതി പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. സംസ്ഥാനത്തിന്‍റെ വ്യവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണിവയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനു പുറമേ തെലങ്കാനയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഈ പദ്ധതികൾ പ്രയോജനപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വേർപെട്ടു കിടക്കുന്ന എല്ലാ വ്യവസായ ഇടനാഴികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമായി തെലങ്കാന മാറുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം ഒന്നാകെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. ഭദ്രകാളി ക്ഷേത്രത്തിൽ പൂജയിൽ പങ്കെടുത്ത മോദി, പിന്നീട് വാറംഗലിൽ പൊതുസമ്മേളനത്തിലും പങ്കെടുത്തു.
അതേസമയം, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെ മോദി രൂക്ഷമായി വിമർശച്ചു. തെലങ്കാനയെ അഴിമതിയിലേക്ക് തള്ളിവിടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിയില്ലാത്ത ഒരു പദ്ധതിയും തെലങ്കാനയിലില്ല, കുടുംബാധിപത്യമുള്ള പാര്‍ട്ടികളെല്ലാം വേരൂന്നുന്നത് അഴിമതിയിലാണ്. കോണ്‍ഗ്രസിന്‍റെ അഴിമതി രാജ്യമാകെ കാണുകയാണ്.ബിആര്‍എസും കോണ്‍ഗ്രസും തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആപത്താണെന്നും പറഞ്ഞ മോദി തെലങ്കാനയിൽ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചാണ് ഭരണം നടത്തുന്നതെന്നും ആരോപിച്ചു.

