കൊല്ലം : നാടിനെ നടുക്കിയ പെരുമൺ ട്രെയിൻ ദുരന്തം നടന്നത് 35 വർഷം മുമ്പുളള ഒരു ജൂലൈ എട്ടിന്. 2023 ജൂലൈ 8ന് 35 വർഷം. 1988 ജൂലൈ എട്ടിനായിരുന്നു 105 പേരുടെ ജീവനെടുത്ത ആ മഹാദുരന്തം. കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ്സ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞാണ് കേരളം കണ്ട വലിയ അപകടം സംഭവിച്ചത്.
മലയാളി മറക്കാത്ത മഹാദുരന്തമാണ് 1988ൽ നടന്നത്. ബംഗളുരുവിൽ നിന്ന് പതിവുപോലെ കന്യാകുമാരി ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഐലൻഡ് എക്‌സ്പ്രസ്സ് കൊല്ലത്തെ പെരിനാടിനടുത്ത് എത്തുന്നു. ഉച്ചക്ക് 12 .56. മണിക്കൂറിൽ 81 കിലോമീറ്റർ വേഗത്തിൽ പാഞ്ഞുവന്ന ട്രെയിൻ പെരുമൺ പാലത്തിൽ കയറി. എഞ്ചിൻ പെരുമൺ പാലം കടക്കുന്നു, നിമിഷങ്ങൾക്കകം പാളം തെറ്റിയ ബോഗികൾ കാണാക്കയങ്ങളിൽ വീണു. 105 ജീവനുകളാണ് മുങ്ങിപ്പോയ ബോഗികളിൽ കുടുങ്ങി നഷ്ടമായത്. ഇരുനൂറോളം പേർക്ക് മാരകമായി പരുക്കേറ്റു. നാട്ടുകാരും ഫയർഫോഴ്‌സും, പോലീസും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാ പ്രവർത്തന ദൗത്യമാണ് മരണ സംഖ്യ കൂടാതെ കാത്തത്.
തടിച്ചു കൂടിയ ജനങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസം ഉണ്ടാക്കിയെന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളത്തിനടിയിൽ കുടുങ്ങിക്കിടന്ന മുഴുവൻ മൃതശരീരങ്ങളും കണ്ടെത്തുവാനായില്ല. മാപ്പിള ഖലാസികളുടെ വൈദഗ്ധ്യം കായലിൽ വീണ ബോഗികൾ ഉയർത്തുവാൻ റെയിൽവേ പ്രയോജനപ്പെടുത്തി. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഉദിച്ചു വരുന്ന താരമായിരുന്ന രഞ്ജിത്ത് ഖാൻവിൽക്കറും മരിച്ചവരിൽ പെടുന്നു.
അന്വേഷണത്തിന്റെ പ്രാരംഭ കഘട്ടത്തിൽ റെയിൽവെയുടെ അനാസ്ഥയാണ് കാരണമെന്ന് പറഞ്ഞു കേട്ടെങ്കിലും, പിന്നീട് ഐലൻഡ് എക്‌സ്പ്രസ്സ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പെടുകയായിരുന്നു എന്ന് റെയിൽവേ റിപ്പോർട്ടുകൾ പുറത്തിറക്കി. ദുരന്ത ദിവസം പാലത്തിലും സമീപത്തും അറ്റകുറ്റപണികൾ നടക്കുന്നുണ്ടായിരുന്നു. പാളം തെറ്റിയത് തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റ് പെട്ടെന്ന് ബ്രെക്കിട്ടപ്പോൾ ബോഗികൾ കൂട്ടിയിടിച്ചു ഉണ്ടായ ദുരന്തമാണെന്നും കഥകൾ പരന്നു.
പക്ഷെ അപകടത്തിന്റെ യഥാർത്ഥ കാരണം ഇന്നും ദുരൂഹമായി നിൽക്കുന്നു. അപകടത്തിന് ശേഷം പെരുമണിൽ പുതിയ പാലം നിർമ്മിക്കപ്പെട്ടു. ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മരിച്ച മുതിർന്നവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷവും കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് അമ്പതിനായിരവും രൂപയും നഷ്ടപരിഹാരം നൽകി. 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ആന്തോളജി സിനിമയിൽ ശങ്കർ രാമകൃഷ്ണൻ ഐലൻഡ് എക്‌സ്പ്രസ്സ് എന്ന ഒരു ഹ്രസ്വ ചിത്രം പെരുമൺ അപകടത്തെ ആസ്പദമാക്കി നിർമിച്ചിരുന്നു.

