ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച മൂന്ന് പ്രവാസികൾ ജയിലിലായി

മനാമ: നാട്ടിൽ നിന്ന് ജോലി വാഗ്ദാനം നൽകി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാർ ബഹ്റൈനിൽ ജയിലിലായി. റസ്റ്റോറന്റ് മാനേജർമാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷയ്ക്ക് പുറമെ ഇരകളാക്കപ്പെട്ട യുവതികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ചെലവും ഇവർ വഹിക്കണം. ശിക്ഷാ കാലാവധി പൂർത്തിയായാൽ ഇവരെ ബഹ്റൈനിൽ നിന്ന് നാടുകടത്തും. 44ഉം 20ഉം വയസുള്ള രണ്ട് പുരുഷന്മാരും 37 വയസുകാരിയായ സ്ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ഇവരിൽ 44 വയസുകാരനും 37 വയസുകാരിക്കും 5000 ബഹ്റൈനി ദിനാർ വീതം പിഴയും 20 വയസുകാരന് 2000 ബഹ്റൈനി ദിനാർ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

ഗുദൈബിയയിലെ ഒരു റസ്റ്റോറന്റിൽ പതിവ് പരിശോധനകൾക്കായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഹോട്ടലിലേക്ക് വെയിറ്റർമാരായി ജോലി ചെയ്യാനെന്ന പേരിൽ നാട്ടിൽ നിന്ന് കൊണ്ടുവന്ന നാല് യുവതികളെ പ്രതികൾ അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുന്നതായി ഇവർ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു.

മാന്യമായ ജോലി വാഗ്ദാനം ചെയ്താണ് കൊണ്ടുവന്നതെങ്കിലും ഇവിടെ എത്തിയ ശേഷം തങ്ങളുടെ പാസ്‍പോർട്ട് പിടിച്ചുവെച്ച് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ഒരു അപ്പാർട്ട്മെന്റിൽ പൂട്ടിയിട്ടതായി ഇവർ പറഞ്ഞു. ഹോട്ടലിലെത്തുന്ന അതിഥികളോട് ലൈംഗിക ചുവയോടെ സംസാരിക്കാനും അവരുടെ താത്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാനും നിർബന്ധിച്ചു. താമസിപ്പിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് എപ്പോൾ പുറത്തിറങ്ങിയാലും ഇവർ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ, പ്രതികളിലൊരാളായ യുവാവ് ഒപ്പം കാണുമായിരുന്നു.

ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യിപ്പിച്ചിട്ടും ഇവർക്ക് ശമ്പളം നൽകിയിരുന്നില്ല. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം പോലും ലഭിച്ചിരുന്നതെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഹോട്ടലിലെ ഉപഭോക്താക്കളുടെ ഇംഗിതത്തിന് വഴങ്ങാതെ വന്നപ്പോഴെല്ലാം ക്രൂരമായ മർദനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും ഇവർ അറിയിച്ചു. ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം നടത്തിയപ്പോൾ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞു.

യുവതികൾക്ക് ശമ്പളം നൽകിയതിന്റെ രേഖകളോ തൊഴിൽ കരാറുകളോ മറ്റ് നിയമപരമായ രേഖകളോ പോലും പ്രതികളുടെ കൈവശം ഇല്ലായിരുന്നു. കുറ്റകൃത്യങ്ങൾ നടന്ന റസ്റ്റോറന്റിന്റെ ഉടമയുടെ പേരിൽ ബഹ്റൈനിൽ മറ്റ് ഒൻപത് റസ്റ്റോറന്റുകളും ഒരു ഹോട്ടൽ ആന്റ് ടൂറിസം സ്ഥാപനവും ഉണ്ടെന്നും രേഖകൾ പറയുന്നു. എന്നാൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →