പുണെ∙ പുണെയിൽ കയ്യിൽ വടിവാളുമായി യുവതിക്ക് പിന്നാലെ ഓടി യുവാവ്. ശാന്തനു ലക്ഷ്മൺ ജാദവ് എന്നയാളാണു ഇരുപതുകാരിയായ പ്രീതി രാമചന്ദ്രയെ ആക്രമിച്ചത്. യുവതിയുടെ സ്കൂട്ടർ തടഞ്ഞുനിർത്തിയശേഷമായിരുന്നു ഇയാൾ ആക്രമിക്കാൻ തുടങ്ങിയത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതി ഓടുകയും കയ്യിൽ വാളുമായി അക്രമി യുവതിയുടെ പിന്നാലെ ഓടുകയുമായിരുന്നു.
യുവതി ഓടുന്നതിന് ഇടയിൽ വീഴുന്നതും കാണാം. സമീപത്തുള്ളവരുടെ ഇടപെടലിനെ തുടർന്നാണു യുവതിയുടെ ജീവൻ രക്ഷിക്കാനായത്. യുവാവിനുനേരെ മറ്റുള്ളവർ വസ്തുക്കൾ വലിച്ചെറിഞ്ഞ് പ്രതിരോധിക്കുകയും തുടർന്നു പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്തതായും കൊലപാതകശ്രമത്തിന് കേസെടുത്തതായും ഡപ്യൂട്ടി കമ്മിഷനർ സന്ദീപ് സിങ് ഗിൽ പറഞ്ഞു.
യുവാവ് മകളെ ശല്യം ചെയ്തുവരികയായിരുന്നെന്നും ഇയാളുടെ പിതാവിനോട് പരാതി പറഞ്ഞിരുന്നതായും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു

