ബൊംഗൈ ഗാവ്(അസം): അസമിലെ ബൊംഗൈ ഗാവ് ജില്ലയുടെ കലക്ടര്‍ തന്റെ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു മടങ്ങി. എന്നാല്‍, വീട്ടിലേക്ക് കയറാതെ ഔട്ട്ഹൗസിന്റെ വാതില്‍തുറന്ന് അകത്തു പ്രവേശിച്ചു. തന്റെ ഒന്നരവയസുകാരി മകളും മാതാപാതാക്കളും താമസിക്കുന്ന വീട്ടിലേക്ക് ഒരു നെടുവീര്‍പ്പോടെ കണ്ണയച്ചു. തുടര്‍ന്ന് ഉറങ്ങാനുള്ള തയ്യാറെടുപ്പാരംഭിച്ചു. തന്റെ പൊന്നോമന മകള്‍ മഹാലക്ഷ്മിയെ കണ്ടിട്ട് നാളുകള്‍ ഏറെയായി. ആ കൊഞ്ചല്‍ കേള്‍ക്കാന്‍ കഴിഞ്ഞിട്ട് ആഴ്ചകളായി. അസമിലെ ബൊംഗൈ ഗാവ് ജില്ലയുടെ കലക്ടറാണ് കോട്ടയം സ്വദേശയായ ഡോ. എം എസ് ലക്ഷ്മിപ്രിയ. മകളും തന്റെ മാതാപിതാക്കളും താമസിക്കുന്ന വീടിനു തൊട്ടടുത്തുള്ള ഔട്ട്ഹൗസിലാണ് ലക്ഷിമിപ്രിയ ഇപ്പോള്‍ താമസിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ല കലക്ടര്‍ ആയതിനാല്‍ കുഞ്ഞിന്റെയും 65 കഴിഞ്ഞ മാതാപിതാക്കളുടേയും അരികിലേക്ക് ഇപ്പോള്‍ പോകേണ്ടെന്നാണ് തീരുമാനം.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം ലക്ഷ്മിപ്രിയ സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞു. ഡോക്ടര്‍ ആയത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമായെന്ന് ലക്ഷ്മിപ്രിയ പറയുന്നു. രോഗത്തെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളക്കുറിച്ചും ഗ്രാമീണര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലളിതമായി പറഞ്ഞുകൊടുക്കാന്‍ കഴിയുന്നുണ്ട്. മെയ്, ജൂണ്‍ മാസങ്ങളിലാണ് ജില്ലയില്‍ രോഗം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇതുവരെ 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ രോഗമുക്തി നേടി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മിപ്രിയ സജീവമായതോടെ ഒന്നര വയസുകാരി മകള്‍ മഹാലക്ഷ്മിക്ക് അമ്മയെ അടുത്തുകിട്ടാന്‍ പ്രയാസമായതിന്റെ വിഷമത്തിലാണ്. ലക്ഷ്മിപ്രിയയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് അവള്‍. യാദൃച്ഛികമായി തനിക്ക് രോഗാണു ബാധയുണ്ടായാല്‍ അത് കുഞ്ഞിലേക്കു പകരാതിരിക്കാനാണ് വീടിന്റെ ഔട്ട്ഹൗസില്‍ താമസമാക്കിയത്. കുഞ്ഞിനെ കണ്ടിട്ടുതന്നെ ഏറെ ദിവസമായി. പലപ്പോഴും ജോലികഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ഏറെ രാത്രിയാവും. വീട്ടിലുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണ് താമസം ഔട്ട്ഹൗസിലേക്ക് മാറ്റിയത്. മഹാരാഷ്ട്ര സ്വദേശിയും ഡല്‍ഹിയില്‍ ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് സര്‍വീസ് ഓഫിസറുമായ വിശ്വജിത് യാദവാണ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്.