ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ ബംഗളൂരു ഐടി നഗരത്തില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. പലപ്പോഴായി നടന്ന പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ച 3338 ആളുകളെ കാണാനില്ല. ഇവര്‍ക്കായി ആരോഗ്യപ്രവര്‍ത്തകരും പൊലീസും തിരച്ചില്‍ നടത്തുകയാണ്. കാണാതായവരുടെ എണ്ണം നഗരത്തിലെ ആകെ കോവിഡ് രോഗികളുടെ ഏഴുശതമാനം വരും. സ്രവ പരിശോധനയ്ക്ക് വന്നപ്പോള്‍ തെറ്റായ ഫോണ്‍ നമ്പരും വിലാസവും നല്‍കിയവരുമുണ്ട്.
മുങ്ങിയ രോഗികളെ കണ്ടെത്താന്‍ ഒരുവഴിയുമില്ലെന്ന് അധികൃതര്‍ പറയുന്നു. അവര്‍ സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ടോയെന്നും അറിയില്ല. ഇനി കൊവിഡ് പരിശോധനയ്ക്ക് വരുമ്പോള്‍ ശരിയായ മൊബൈല്‍ നമ്പരും സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ബംഗളൂരു നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. കര്‍ണാടകത്തിലെ കൊവിഡ് രോഗികളില്‍ പകുതിയോളം ബംഗളൂരുവിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാണാതായ രോഗികളെ ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തുകയോ അവര്‍ സ്വമേധയാ ചികിത്സയ്ക്ക് വിധേയരാവുകയോ ചെയ്തില്ലെങ്കില്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ ആവുന്ന മുഴുവന്പേരിലേക്കും കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്.

