ചെന്നൈ: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വിവാഹം കഴിക്കുകയും ചെയ്ത സഹോദരീഭര്‍ത്താവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ മയിലാടുതുറൈ സ്വദേശിയായ 24 വയസ്സുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം രഹസ്യമാക്കിവച്ചതിനും ശൈശവ വിവാഹം നടത്തിയതിനും മാതാവായ 48കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മയിലാടുതുറൈയിലെ സര്‍ക്കാര്‍ വക ആശുപത്രിയില്‍ ജൂലൈ 19നാണ് 14 വയസ്സുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എഴാം ക്ലാസില്‍ പഠനം നിര്‍ത്തിയ കുട്ടി ശുചീകരണ തൊഴിലാളിയായ മാതാവിനൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് മൂത്തസഹോദരിയുടെ ഭര്‍ത്താവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനം നടത്തിയ വിവരം കുട്ടിയുടെ മാതാവ് അറിഞ്ഞെങ്കിലും പൊലീസില്‍ പരാതിപ്പെട്ടില്ല. പ്രശ്നപരിഹാരത്തിനായി 14കാരിയെ മരുമകനുതന്നെ വിവാഹം ചെയ്തുനല്‍കി. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രസവത്തിനു വന്നത്.
വിവരമറിഞ്ഞ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി അന്വേഷണം നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തി പെണ്‍കുട്ടിയുടെ മാതാവിനെ ചോദ്യംചെയ്തു. ആശുപത്രിയില്‍ കഴിയുന്ന 14കാരിയെയും കുഞ്ഞിനെയും സര്‍ക്കാരിന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.
14 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും സാര്‍വത്രികവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടനാദത്തമായ രാജ്യമാണ് ഇന്ത്യ. ഈ പ്രായത്തില്‍ അവരെ വിവാഹം കഴിപ്പിക്കുന്ന മാതാപിതാക്കള്‍, വരന്, വിവാഹത്തില്‍ പങ്കെടുക്കുന്ന ബന്ധുക്കള്‍, വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന നാട്ടുകാര്‍ ഇവരൊക്കെ കേസില്‍ പ്രതികളാകുന്നതാണ്. ഈ കാലഘട്ടത്തില്‍ അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നതും കുറ്റകരമാണ്.

