സിയാലുമായി കൈകോര്‍ക്കല്‍; സാധ്യത തേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

നെടുമ്പാശ്ശേരി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലുമായി കൈകോര്‍ക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നു. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മെട്രോ സര്‍വീസ് നീട്ടുന്നതിനാണ് പദ്ധതി. ഇത് സംബന്ധിച്ച പഠനം നടത്താന്‍ ഡല്‍ഹി ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ കെ എം ആര്‍ എല്‍ ചുമതലപ്പെടുത്തി.സുസ്ഥിര അര്‍ബന്‍ മൊബിലിറ്റി സൊല്യൂഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡ് (യു എം ടി സി) ആണ് പുതുക്കിയ പഠനം നടത്തുന്നത്. 2014 ല്‍ ഇക്കാര്യത്തില്‍ മറ്റൊരു ഏജന്‍സി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും അത് കാലഹരണപ്പെട്ടതായി വിലയിരുത്തിയാണ് പുതിയ പഠനം നടത്താന്‍ തീരുമാനിച്ചത്. മൂന്നാം ഘട്ടം സംബന്ധിച്ച സാധ്യതകളെയും സാങ്കേതിക വിദ്യകളെയും കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത മാസം പുറത്തുവിടുമെന്നാണ് കെ എം ആര്‍ എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയില്‍ പങ്കാളികളായതിനാല്‍ സിയാലുമായി നേരിട്ട് സഹകരിക്കാന്‍ കഴിയുന്ന രീതിയില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ കഴിയുമെന്നാണ് കെ എം ആര്‍ എല്‍ വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ പാരീസ് മെട്രോ മോഡല്‍ സാധ്യതകളാണ് കെ എം ആര്‍ എല്‍ ആരായുന്നത്. അവിടെ മെട്രോയില്‍ യാത്ര ചെയ്ത് വിമാനത്താവളത്തില്‍ എത്തുന്ന വിമാന യാത്രക്കാരന് മെട്രോ സ്റ്റേഷനില്‍ തന്നെ ലഗേജ് പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. മെട്രോ റെയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നതോടെ ഈ സംവിധാനം നടപ്പിലാക്കിയാല്‍ വിമാനത്തില്‍ കയറുന്ന വിനോദ സഞ്ചാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. പാരീസ്, ലണ്ടന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ മെട്രോകളാണ് ഇപ്പോള്‍ ഇത്തരം സേവനങ്ങള്‍ നല്‍കി വരുന്നത്.
മെട്രോ സ്റ്റേഷനില്‍ ബാഗേജ് ചെക്ക്-ഇന്‍ ചെയ്യാന്‍ സംവിധാനം ഒരുക്കുന്നതോടെ മെട്രോയില്‍ നിന്നും ഇറങ്ങിയ ശേഷം യാത്രക്കാര്‍ക്ക് നേരെ പാസഞ്ചര്‍ ലോബിയിലേക്ക് പോകാം. യാത്രക്കാരുടെ ലഗേജുകള്‍ ട്രെയിനില്‍ നിന്നും എടുത്ത് നേരിട്ട് വിമാനത്തിലേക്ക് മാറ്റും. ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാ ചെലവും സമയവും ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →