തിരുവനന്തപുരം: എസ്എഫ്ഐ ഉൾപ്പെടുന്ന തുടർച്ചയായ വിവാദങ്ങൾ പാർട്ടിക്ക് തലവേദനയായതോടെ സംഘടനയിൽ ശക്തമായി ഇടപെടാൻ സിപിഎം തീരുമാനം. എസ്എഫ്ഐയെ ശക്തമായി നിയന്ത്രിക്കാൻ ജില്ലാ നേതൃത്വങ്ങൾക്ക് പാർട്ടി നിർദേശം നൽകി. വിദ്യാർഥി സംഘടനയിൽ കൂട്ട അഴിച്ചുപണിക്കുള്ള സാധ്യതയും തെളിയുന്നുണ്ട്.
‘എസ്എഫ്ഐയുടെ പ്രാദേശിക തലത്തിൽ നടക്കുന്ന സംഭവങ്ങളിൽ ജില്ലാ നേതൃത്വം ഇടപെടണം. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തണം. നിയമവരുദ്ധ കാര്യങ്ങൾ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. ഓരോ ജില്ലയിലെയും വിദ്യാർഥി സംഘടനാ വിഷയങ്ങൾ സംസ്ഥാന നേതൃത്വത്തെ കൃത്യമായി അറിയിക്കണം. നേതാക്കളുടെ പ്രവർത്തനത്തെ ജില്ലാ നേതൃത്വം വിലയിരുത്തണം. വിദ്യാർഥികളെ സംഘടയിലേക്കാകർഷിക്കാൻ കഴിയണം’ – എന്നിങ്ങനെയാണ് പാർട്ടി നേതൃത്വം മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ.
കാട്ടാക്കട ക്രിസ്ത്യൻ കോളെജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിൽ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച പെൺകുട്ടിക്ക് പകരം എസ്എഫ്ഐ ഏരിയ കമ്മിറ്റി എ. വിശാഖിന്‍റെ പേര് ഉൾപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാവുന്നത്. പാർട്ടി ഇതൊരു ഒറ്റപ്പെട്ട സംഭവമായി ചർച്ച ചെയ്ത് തള്ളി, എന്നാൽ പിന്നാലെ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പരീക്ഷയെഴുതാതെ പാസായെന്ന വിവാദം അധികം ആളിക്കത്താതെ ഒതുങ്ങി. തനിക്കിതിൽ പങ്കില്ലെന്നും ഗൂഢാലോചനയുടെ ഫലമാണ് വിവാദമെന്നുമുള്ള ആർഷോയുടെ വിശദീകരണം പാർട്ടിക്ക് തൃപ്തികരമായിരുന്നു. കോളെജും ആർഷോയ്ക്ക് ക്ലീൻ ചിറ്റ് നൽകിയതോടെ ആ പ്രശ്നം അവിടെ അവസാനിച്ചു.
എന്നാൽ, മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ചർച്ചയായതോടെ പാർട്ടി പ്രതിരോധത്തിലായി. ബികോം പരീക്ഷയെഴുതാതെ നിഖിൽ തോമസ് എംകോമിന് പ്രവേശനം നേടിയതോടെ വിവാദങ്ങൾ കൊടുമുടിയിലെത്തി.
മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതി പരസ്യമായി വിദ്യയെ തള്ളിപ്പറഞ്ഞു. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ വിശാഖിനെ പാർട്ടി ഏരിയ കമ്മിറ്റി സെക്രട്ടറിയും തള്ളി. എന്നാൽ നിഖിലിനെ തുടക്കത്തിൽ എസ്എഫ്ഐ സംസ്ഥാന നേതൃത്വം പിന്തുണച്ചെങ്കിലും പിന്നീടത് നാണക്കേടിന് വഴിവച്ചു.
ഇതോടെയാണ് സർക്കാരിന് എസ്എഫ്ഐ വലിയ തലവേദയായി മാറിയത്. എസ്എഫ്ഐ നേതൃത്വം പൊളിച്ചു പണിയാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നതെന്നാണ് വിവരം. ജില്ലാതലത്തിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് സൂചനകൾ നേതൃത്വം നൽകി കഴിഞ്ഞു. എസ്എഫ്ഐയിലെ തുടർച്ചയായ പ്രശ്നങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതിൽ എൽഡിഎഫും എതിർപ്പ് അതൃപ്തിയിലാണ്.

