ന്യൂഡല്‍ഹി: യു.എസിലെ ജോ ബൈഡന് ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്കുന്ന ഔദ്യോഗിക വരവേല്‍പ്പ് അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കു പ്രാധാന്യമേറുന്നതിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു. ഏറ്റവുമടുത്ത രാഷ്ട്രത്തലവന്മാര്ക്കായി മാത്രം നീക്കിവച്ചിട്ടുള്ള പ്രത്യേക ആദരവാണ് യു.എസ്. മോദിക്കു നല്‍കുന്നത്. ഇതോടൊപ്പം ഇന്ത്യന്‍ സമൂഹം യു.എസ്. രാഷ്ട്രീയത്തില്‍ സ്വാധീനം നേടിത്തുടങ്ങിയതിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങി.
അമേരിക്കയിലെ ഏഷ്യക്കാര്‍ക്കിടയില്‍ രാഷ്ട്രീയമായി ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിഭാഗം ഇന്ത്യന്‍ വംശജരാണ്. കുറഞ്ഞത് 41 ലക്ഷം ഇന്ത്യക്കാര്‍ യു.എസില്‍ ഉണ്ടെന്നാണു കണക്ക്. ഇത് യു.എസ് ജനസംഖ്യയുടെ 1.3 ശതമാനമാണ്. മെക്സിക്കന്‍ അമേരിക്കക്കാര്‍ കഴിഞ്ഞാല്‍ ഇവിടത്തെ ഏറ്റവും വലിയ കുടിയേറ്റ ഗ്രൂപ്പാണിത്.മോദിയുടെ മുന്‍ അമേരിക്കന്‍ സന്ദര്‍ശനങ്ങള്‍ മാഡിസണ്‍ സ്ക്വയറിലെയും ഹൂസ്റ്റണിലെയും വമ്പിച്ച പ്രവാസി സമ്മേളനങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ സമയക്കുറവു കാരണം ഇത്തവണ ഒരു മണിക്കൂര്‍ മാത്രമേ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തിനൊപ്പം ചെലവഴിക്കൂ. 23 ന് ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഈജിപ്തിലേക്കും പോകുംമുമ്പ്, വാഷിങ്ടണ്‍ ഡി.സിയിലെ റീഗന് സെന്ററിലായിരിക്കും മോദി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുക. 1000 പേര് അവിടെ ഒത്തുചേരും. സിഖ് വിഭാഗക്കാര്‍, ദാവൂദി ബൊഹ്റ സമുദായം, മഹാരാഷ്ട്ര-ഗുജറാത്തി സമാജങ്ങള്‍, ഡോക്ടര്‍മാരുടെ സംഘടനകള്‍, ബിസിനസ് ഗ്രൂപ്പുകള്‍, തെലുങ്ക്-തമിഴ് വിഭാഗങ്ങള്‍ തുടങ്ങി നിരവധി മേഖലയിലുള്ളവര്‍ പരിപാടിയുടെ ഭാഗമാകുമെന്നു കരുതുന്നു. പ്രശസ്ത ഗായിക മേരി മിലിജന് ഇന്ത്യയുടെയും റിയ പവാര്‍ യു.എസിന്റെയും ദേശീയഗാനം ആലപിക്കും. തങ്ങളോടു സംവദിക്കാന്‍ എല്ലായ്പ്പോഴും പ്രധാനമന്ത്രി ദയ കാണിക്കുമെന്നും ഏതു തിരക്കിനിടയിലും അദ്ദേഹം തങ്ങളെ ചേര്‍ത്തുപിടിക്കുമെന്നും ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി ഫൗണ്ടേഷന് ചെയര്മാന് ഭാരത് ബറായി പറഞ്ഞു.
ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ ഷിക്കാഗോയില്‍ വരവേല്ക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷ. അതിനായി മൂന്നു സ്റ്റേഡിയങ്ങള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ തിരക്കുമൂലം അത് റദ്ദാക്കേണ്ടിവന്നു.പെന്‍സില്‍വാനിയ, ഫ്ളോറിഡ, ഒഹായോ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ വംശജരുടെ ഗണ്യമായ സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാകാന്‍ ഇവര്‍ക്കു കഴിയുന്നു. അരിസോണ, വിസ്കോസിന് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ത്യക്കാരുടെ വോട്ടുകള്‍ നിര്‍ണായകമാണ്. പരമ്പരാഗതമായി ഡെമോക്രാറ്റുകളോടാണു ചായ്വെങ്കിലും അടുത്ത കാലത്ത് റിപ്പബ്ലിക്കന്മാരെ പിന്തുണയ്ക്കുന്ന ചില പ്രവണതകളും ഇന്ത്യന്‍ സമൂഹത്തില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങളാണ് ഇരുവിഭാഗവും പയറ്റുന്നത്.
നിലവിലെ ബൈഡന് ഭരണകൂടം ഇന്ത്യന്‍ വംശജര്‍ക്കു വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. പ്രധാനപ്പെട്ട പല തസ്തികകളിലും കാണപ്പെടുന്ന ഇന്ത്യക്കാരുടെ പ്രാതിനിധ്യം ഇതിനുദാഹരണമാണ്. 130 ലധികം ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ വളരെ ഉയര്‍ന്ന പദവികള്‍ വഹിക്കുന്നുണ്ട്. കുടിയേറ്റക്കാര്‍ക്കു മുമ്പൊരിക്കലും കിട്ടിയിട്ടില്ലാത്ത വിധം വൈറ്റ് ഹൗസിലെ ഉയര്‍ന്ന റാങ്കുകളിലിപ്പോള് ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. യു.എസ്. വൈസ് പ്രസിഡന്റായുള്ള കമലാ ഹാരിസിന്റെ സത്യപ്രതിജ്ഞ ഇന്ത്യന്‍ സമൂഹത്തിന് വലിയൊരു പ്രചോദനമായിരുന്നു. തമിഴ്നാട്ടില്‍ വേരുകളുള്ള ഇന്ത്യന്‍ അമേരിക്കക്കാരിയാണ് കമല. ഇന്ത്യന്‍ വംശജനായ അജയ് ബംഗ ലോകബാങ്കിന്റെ പ്രസിഡന്റായതും അടുത്തിടെയാണ്. ആഗോള ധനകാര്യ സ്ഥാപനത്തെ നയിക്കാന്‍ ചുമതല ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. വൈറ്റ് ഹൗസിലെ കോവിഡ്-19 കോര്‍ഡിനേറ്ററായി ബിഹാറില്‍നിന്നുള്ള ആശിഷ് ഝായെ പ്രസിഡന്റ് ബൈഡന് നിയമിച്ചതും ഇന്ത്യക്കാരുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്. ബ്രൗണ്‍ സര്‍വകലാശാലയില്‍നിന്നുള്ള വിദഗ്ധനാണു ഝാ.2010 നു ശേഷം ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ അവരുടെ രാഷ്ട്രീയശക്തിയും വര്‍ധിച്ചു വരുന്നതാണു യു.എസിലെ കാഴ്ച. ലൂസിയാനയിലെ ബോബി ജിന്‍ഡാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചതോടെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രതിഫലിച്ചുതുടങ്ങിയത്. 2012 ല്‍ ഒരേയൊരു ഇന്ത്യന്‍ വംശജന് മാത്രം തെരഞ്ഞെടുക്കപ്പെട്ട യു.എസ്. പ്രതിനിധിസഭയില്‍ ഇന്നിപ്പോള്‍ നാലംഗങ്ങളുണ്ട്.
2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കു മത്സരിക്കുമെന്ന് മുന്‍ സൗത്ത് കരോലിന ഗവര്‍ണറും യു.എന്‍. അംബാസഡറുമായ നിക്കി ഹേലി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. യാഥാസ്ഥിതിക സംരംഭകനെന്നു വിശേഷിപ്പിക്കപ്പെടുന്ന വിവേക് രാമസ്വാമിയും താമസിയാതെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ഇതിനിടയിലാണ് ഇന്ത്യന്‍ സമൂഹത്തിന്റെ വോട്ട് നേടിയെടുക്കാന്‍ ഡെമോക്രാറ്റുകളും.

