ഇത്തരത്തിൽ പൊലീസിങ്ങിന്റെ വിവിധ തലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗപ്പെടുത്താൻ തയാറെടുക്കുകയാണ് ഡൽഹി പൊലീസ്. ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ തടയാനും നിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്നാണ് ഡിപ്പാർട്ട്മെന്റിന്റെ വിലയിരുത്തൽ.
മൂന്നു വർഷം മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊലീസിങ്ങിലെ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചതു മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു പിന്നാലെയാണ് ഡൽഹിയിലെ പൊലീസ് ഡിപ്പാർട്ട്മെന്റ്.
ഇ-ബീറ്റ് ബുക്ക്, ഇന്റഗ്രേറ്റഡ് കംപ്ലെയ്ന്റ് മോനിറ്ററിങ് സിസ്റ്റം, സേഫ് സിറ്റി പ്രോജക്റ്റ്, ഓഫീസ് ഓട്ടോമേഷൻ തുടങ്ങിയ വിവിധ രീതികൾ ഇവിടെ നടപ്പാക്കിക്കഴിഞ്ഞു. എസ്.എൻ. ശ്രീവാസ്തവ ഡൽഹി പൊലീസ് മേധാവിയായിരുന്ന സമയത്ത് നടപ്പാക്കിയ പൊലീസ് ടെക്നോളജിക്കൽ സെല്ലും സോഷ്യൽ മീഡിയ സെല്ലുമെല്ലാം ഇപ്പോൾ സജീവം.
സേഫ് സിറ്റി പ്രോജക്റ്റിന്റെ ഭാഗമായി പതിനയ്യായിരം ക്യാമറകളാണ് പരസ്പരബന്ധിതമായി പ്രവർത്തിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽനിന്നും ബസ് സ്റ്റാൻഡുകളിലും നിന്നും മറ്റു പൊതുസ്ഥലങ്ങളിൽനിന്നുമെല്ലാമുള്ള ക്യാമറ ഫീഡുകൾ പൊലീസ് ആസ്ഥാനത്ത് തത്സമയം നിരീക്ഷിച്ചുവരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നു.
അത്യാധുനിക സാങ്കേതികവിദ്യകൾ പൊലീസിങ്ങിൽ ഉൾപ്പെടുത്താൻ ഐഐടി-ഡൽഹിയുമായി ഡൽഹി പൊലീസ് ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്.

