തിരുവനന്തപുരം : സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമെന്ന് ആരോപണം. സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷൻ. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമമെന്നും ‘നീതി എവിടെ’ എന്ന പേരിൽ 2023 ജൂൺ 8 ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് തുറന്നു പറച്ചിൽ .
അടുത്തിടെയാണ് സോളാർ അഴിമതിക്കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കോടികൾ വാങ്ങിയാണ് ഉമ്മൻചാണ്ടിക്കെതിരേ റിപ്പോർട്ട് തയ്യാറാക്കിയതെന്ന സി.പി.ഐ. നേതാവും മുൻമന്ത്രിയുമായ സി. ദിവാകരന്റെ വെളിപ്പെടുത്തൽ വിവാദത്തിലായത്. സോളാർ സമരം എൽ.ഡി.എഫ്. നേതൃത്വത്തിന്റെ അറിവോടെ ഒത്തുതീർക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു ദിവാകരന്റെ വിവാദ പരാമർശം. ഇതിനുപിന്നാലെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. രംഗത്തെത്തി.
ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ ഉമ്മൻചാണ്ടിക്കെതിരേതന്നെ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർന്നുവന്ന പിണറായി സർക്കാർ ഉമ്മൻചാണ്ടിക്കും യു.ഡി.എഫ്. നേതാക്കൾക്കുമെതിരേ കേസെടുത്തതും അന്വേഷണം ആരംഭിച്ചതും. റിപ്പോർട്ട് കോടികൾ വാങ്ങി തട്ടിക്കൂട്ടി തയ്യാറാക്കിയതാണെന്ന ഗുരുതര വെളിപ്പെടുത്തലാണ് സി. ദിവാകരൻ നടത്തിയിരിക്കുന്നത്. ‘‘നാലോ അഞ്ചോ കോടി രൂപ വാങ്ങിയാണ് എന്തോ ‘കണാ കുണാ’ റിപ്പോർട്ട് എഴുതിവെച്ചത്.’’ എന്നായിരുന്നു ദിവാകരന്റെ പരാമർശം.
സോളാർ കേസിലെ സരിതയുമായി ആരൊക്കെ ബന്ധംപുലർത്തി എന്നൊക്കെയാണ് അതിൽ എഴുതിവെച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി നിയോഗിച്ച കമ്മിഷൻതന്നെ അദ്ദേഹത്തിന് എതിരായി വന്നു -സി. ദിവാകരൻ പറഞ്ഞിരുന്നു. ഉമ്മൻചാണ്ടിക്ക് രാജിവെച്ചു പോകുന്നതാണ് നല്ലത് എന്നുണ്ടായിരുന്നു. അതാണ് അദ്ദേഹത്തിന്റെ പ്രകൃതം. തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിന് സമ്മതിച്ചില്ലെന്നും ദിവാകരൻ പറഞ്ഞിരുന്നു
എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയിൽ പൊലീസിന് അടിതെറ്റി. നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും ഹേമചന്ദ്രൻ പറയുന്നു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.