കോവിഡ് പരിശോധനയില്‍ കേരളത്തിന് മൂന്നാം സ്ഥാനം

തിരുവനന്തപുരം: കോവിഡ് പരിശോധനയുടെ കാര്യത്തില്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുടക്കത്തില്‍ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000ത്തില്‍ കൂടുതലെത്തിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്.

15 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. ട്രൂ നാറ്റ് പരിശോധന 19 സര്‍ക്കാര്‍ ലാബിലും 15 സ്വകാര്യ ലാബിലും സിബി നാറ്റ് പരിശോധന 6 സര്‍ക്കാര്‍ ലാബിലും 9 സ്വകാര്യ ലാബിലും നടക്കുന്നു. എയര്‍പോര്‍ട്ടിലേയും ക്ലസ്റ്ററുകളിലേയും ആന്റിജന്‍ പരിശോധനയ്ക്കായി 10 ലാബുകളുമുണ്ട്. നിലവില്‍ 84 ലാബുകളില്‍ കോവിഡിന്റെ വിവിധ പരിശോധനകള്‍ നടത്താനാകും. 8 സര്‍ക്കാര്‍ ലാബുകളില്‍ കൂടി പരിശോധിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ലാബുകള്‍ക്ക് പരിശോധനയ്ക്കുള്ള അനുമതി നല്‍കുന്നുമുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി 2.6 ശതമാനം മാത്രമാണ് സംസ്ഥാനത്തുള്ളത്. പരിശോധന അനുസരിച്ച് 5 ശതമാനത്തിന് താഴെ കേസുകളാണെങ്കില്‍ നിയന്ത്രണ വിധേയമാണെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. 30 ദിവസത്തേയ്ക്ക് ആവശ്യമായ കിറ്റുകള്‍ കെഎംഎസ്സിഎല്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. കുറവ് വരുന്ന മുറയ്ക്ക് അവ ശേഖരിക്കാനുമുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6405/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →