മുംബൈ: ‘ദി കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഏർവാടയിലാണ് സംഭവം. പീഡനത്തിനിരയായ പതിനാലുകാരിയുടെ മാതാവ് നൽകിയ പരാതിയിൽ 29കാരനായ സണ്ണി ഗുപ്തയ്ക്കെതിരെ പൊലീസ് കേസെടുത്തു. 2023 മെയ് 17 നായിരുന്നു സംഭവം.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും യുവാവും അയൽവാസികളാണ്. ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തുമായിരുന്ന പ്രതി മെയ് 17ന് വൈകുന്നേരവും വീട്ടിലെത്തി. ഈ സമയം വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിക്ക് പ്രതി 500 രൂപ നൽകി. ദി കേരള സ്റ്റോറി സിനിമ കാണാൻ കൊണ്ടുപോകാം എന്ന് വാഗ്ദാനം നൽകിയാണ് പണം കൊടുത്തത്. തുടർന്ന് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.
പ്രതിയിൽ നിന്ന് രക്ഷപെട്ട പെൺകുട്ടി പിന്നീട് അമ്മയോട് വിവരം പറയുകയായിരുന്നു. അമ്മയുടെ പരാതിയിലാണ് ഏർവാട പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പും സ്ത്രീകൾക്കെതിരായ അതിക്രമവും ചേർത്താണ് കേസ്. പ്രതി ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

