അരിക്കൊമ്പന്റെ സുരക്ഷ: തമിഴ്‌നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ വിമർശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. തമിഴ്‌നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ ഹർജിക്കാരന് പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി അതിരൂക്ഷ വിമർശനമാണ് വാദം കേൾക്കലിൽ ഉടനീളം നടത്തിയത്. ആന നിലവിൽ തമിഴ്‌നാടിന്റെ ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നും തമിഴ്‌നാട് പറയുന്നു. തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ഈ സ്ഥിതിക്ക് എന്തിന് ആനയെ തിരികെ കൊണ്ട് വരണമെന്ന് കോടതി ചോദിച്ചു. അരിക്കൊമ്പൻ ദൗത്യത്തിനായി സർക്കാർ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. മാത്രമല്ല സർക്കാർ കടബാധ്യതയിലുമാണ്. ഇനി തമിഴ്‌നാട് സർക്കാർ ആനയെ മാറ്റാൻ തയ്യാറായാൽ എല്ലാ ചിലവും സാബു വഹിക്കുമോയെന്നും കോടതി പരിഹസിച്ചു.

ഹർജിക്കാരൻ രാഷ്ട്രീയ പാർട്ടി നേതാവാണെന്നും ആ ഉത്തരവാദിത്തം കാണിക്കണമെന്നും വിമർശിച്ച കോടതി കേരളത്തിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തിൽ എന്ത് കാര്യമെന്നും ചോദ്യമുയർത്തി. തമിഴ്‌നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →