കട്ടപ്പന : കള്ള ടാക്സിയെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന് വിവരം നൽകിയെന്നാരാപിച്ച് ടാക്സി ഡ്രൈവറെ സ്വകാര്യ വാഹന ഉടമകൾ മർദ്ദിച്ചതായി പരാതി. ഇടുക്കി കമ്പംമെട്ട് സ്വദേശി അനന്തുവിനാണ് മർദനമേറ്റത്. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൂട്ടാർ സ്വദേശിയായ അഖിലിൻറെ ഉടമസ്ഥയിലുള്ള സ്വകാര്യ വാഹനം 2023 മെയ് 24 ബുധനാഴ്ച കള്ള ടാക്സിയായി ഓടിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു. .
വാഹനത്തെ ക്കുറിച്ച് വിവരം നൽകിയത് നിരപ്പേൽ കട സ്വദേശി മനുവും ഇദ്ദേഹത്തിൻറെ ടാക്സി വാഹനം ഓടിക്കുന്ന അനന്തുവും ആണെന്നാരോപിച്ച് സ്വകാര്യ വാഹനയുടമകൾ മനുവിൻറെ കടയിലെത്തി. ഈ സമയം മനുവിൻറെ ഗർഭിണിയായ ഭാര്യ രാജിയും കുട്ടിയുമാണ് കടയിലുണ്ടായിരുന്നത്. താക്കോൽ നൽകാനെത്തിയ അനന്തുവിനെ സ്വകാര്യ വാഹന ഉടമകൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. അനന്തുവിന്‌റെ ഭാര്യ രാജിയെ സംഘം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് രാജി പൊലീസിൽ പരാതി നൽകുകയായിരുന്നു. രാജിയുടെ പരാതിയിൽ കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കള്ളടാക്സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചാൽ സമീപത്തുള്ള ടാക്‌സി ഡ്രൈവർമാരെ കൈയേറ്റം ചെയ്യുന്നത് പതിവാണെന്നാണ് ഡ്രൈവമാരുടെ പരാതി. അനന്തുവിനെ മർദ്ദിച്ചതിന് കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കമ്പംമെട്ട്, കൂട്ടാർ മേഖലയിലുള്ള ചില സ്വകാര്യ വാഹനങ്ങൾ ടാക്സി പെർമിറ്റില്ലാതെ സർവീസ് നടത്തുന്നതായി കേരളാ ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ ഉടുമ്പൻചോല ജോയിൻറ് ആർടിഒയ്ക്ക് പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ചില വാഹന ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പും നൽകി.

