ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനോ നിക്ഷേപിക്കുന്നതിനോ ബേങ്ക് സ്ലിപ്പോ തിരിച്ചറിയല്‍ രേഖയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ). ഇതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശവും ബേങ്ക് പുറത്തിറക്കി. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000ത്തിന്റെ നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് എസ്.ബി.ഐ ബ്രാഞ്ചുകള്‍ക്ക് നല്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 20,000 രൂപ വരെയുള്ള 2,000 നോട്ടുകള്‍ ഒരേസമയം നിക്ഷേപിക്കുകയോ കൈമാറുയോ ചെയ്യാവുന്നതാണ്. നിരോധിച്ച നോട്ടുകള്‍ മാറുന്നതിന് ആധാര്‍ കാര്‍ഡ് പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനൊപ്പം ഒരു ഫോം കൂടി പൂരിപ്പിച്ച് നല്‍കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുന്നതിനിടെയാണ് ബേങ്കിന്റെ വിശദീകരണം.
2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്നും സെപ്തംബര്‍ 30നകം അവ കൈമാറ്റം ചെയ്യാനോ ബേങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബേങ്ക് അറിയിച്ചിരുന്നു. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ 19 പ്രാദേശിക ഓഫീസുകളും മറ്റു ബേങ്കുകളും 2,000 രൂപ മെയ് 23 മുതല്‍ സ്വീകരിക്കും.

