25000കോടിയുടെ മയക്കുമരുന്ന് കടത്തിയ പാക് പൗരൻ കാരിയറെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.

കൊച്ചി: 25000കോടിയുടെ മയക്കുമരുന്ന് കടത്തിയത് പാകിസ്ഥാൻ സ്വദേശിയായ കള്ളക്കടത്തുകാരനുവേണ്ടിയാണെന്ന് പ്രതി സുബൈർ മൊഴി നൽകിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. വേട്ടയിൽ പിടിയിലായ പാകിസ്ഥാൻ പൗരൻ, കാരിയറെന്നും മയക്കുമരുന്ന് കടത്തിന് വലിയ തുക സുബൈറിന് വാഗ്ദാനം ചെയ്തിരുന്നതായും റിമാൻറ് റിപ്പോർട്ടിൽ എൻ സി ബി പറയുന്നു.

പുറം കടലിൽ നിന്ന് പിടിച്ചെടുത്ത 25,000 കോടി രൂപയുടെ മയക്കുമരുന്ന് പാക്കിസ്ഥാനിൽ നിന്നെത്തിച്ചതാണെന്ന് എൻ സി ബി യ്ക്ക് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു.132 ബാഗുകളാണ് ബോട്ടിലുണ്ടായിരുന്നത്.ഹാജി സലീം നെറ്റ് വർക്കിൻറെ ഇടനിലക്കാരൻ എന്ന സംശയിക്കുന്നയാളുടെ പേരു വിവരങ്ങൾ പ്രതിയായ സുബൈർ അന്വേഷണ സംഘത്തിന് കൈമാറിതായാണ് വിവരം. മയക്കുമരുന്ന് ഇന്ത്യയിലേക്കും,ശ്രീലങ്കയിലേക്കും എത്തിക്കുകയായിരുന്നു പദ്ധതിയെന്നും പ്രതി സുബൈർ മൊഴി നൽകിയിട്ടുണ്ട്.

ലക്ഷദ്വീപ് ലക്ഷ്യമാക്കി വന്ന ബോട്ടാണ് പുറങ്കടലിൽ വച്ച് ഓപ്പറേഷൻ സമുദ്രഗുപ്തയുടെ വലയിലായത്.ദൗത്യത്തിനിടെ കടത്തുകാർ മുക്കിയ മദർഷിപ്പിൽ പിടിച്ചെടുത്തതിനെക്കാൾ കൂടുതൽ അളവിൽ മയക്കുമരുന്ന് ഉണ്ടെന്ന നിഗമനത്തിൽ തെരച്ചിൽ തുടരുകയാണ്. ജി പി എസ് സംവിധാനത്തിൻറെ സഹായത്തോടെ ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് എൻ സി ബി. മദർഷിപ്പ് ഇന്ത്യൻ സമുദ്രാതിർത്തിയിലാണോ അന്താരാഷ്ട്ര കപ്പൽ ചാലിലാണോ മുക്കിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. റിമാൻഡിൽ കഴിയുന്ന പാക് പൗരനെ വിശദമായി ചോദ്യം ചെയ്യുന്നതിന് അടുത്ത ദിവസംതന്നെ കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേ സമയം മയക്കുമരുന്ന് കടത്തിലെ തീവ്രവാദ ബന്ധം പരിശോധിക്കാൻ എൻഐഎയും അന്വേഷണം തുടങ്ങിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →