ചെന്നൈ : മരിച്ചവരുടെ ആത്മാവുമായി സംസാരിക്കാമെന്ന് വിശ്വസിപ്പിച്ച് ചെന്നൈ സ്വദേശിയുടെ കയ്യിൽനിന്ന് രണ്ടു കോടി രൂപ തട്ടിയ മലയാളി അറസ്റ്റിൽ. 2015നും 2019നും ഇടയിലാണ് സംഭവം നടന്നത്. ഗൗതം ശിവഗമി( 52) എന്നയാളാണ് അറസ്റ്റിലായത്. 2022ൽ കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.
2005ൽ നൈജീരിയയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യവേയാണ് ചെന്നൈ എഗ്‌മോർ സ്വദേശിയായ ഗൗതം ശിവഗമി സുബ്രമണിയെ പരിചയപ്പെടുന്നത്. ഇരുവരും പെട്ടെന്ന് അടുക്കുകയും കുടുംബങ്ങൾ തമ്മിലും നല്ല ബന്ധത്തിലാകുകയും ചെയ്തു. ഇരുവരും നൈജീരിയയിൽ നിന്ന് നാട്ടിലെത്തിയ ശേഷം സുബ്രമണി പലതവണ ശിവഗമിയുടെ വീട്ടിലെത്തിയിരുന്നു.
ഒരുവേള ശിവഗമിയുടെ മരിച്ചുപോയ മാതാവുമായി സംസാരിക്കാറുണ്ടെന്നുവരെ സുബ്രമണി വിശ്വസിപ്പിച്ചു. അതുപോലെ സായിബാബയുടെ ആത്മാവുമായി സംസാരിക്കാറുണ്ടെന്നും സുബ്രമണി വിശ്വസിപ്പിച്ചു. പൂജ നടത്തുമ്പോൾ ഭസ്മവും ചെറുനാരങ്ങയും ദൈവത്തിന്റെ ചിത്രത്തിൽനിന്ന് ഇയാൾ പുറത്തെടുത്തെന്നും അതെല്ലാം വെറും കൺകെട്ടു വിദ്യകളായയിരുന്നെന്ന് പിന്നീടാണ് മനസ്സിലായതെന്നും ശിവഗമി പൊലീസിനോട് പറഞ്ഞു. ഇതുപോലെ പലതരം വാഗ്ദാനങ്ങൾ നൽകിയാണ് നൽകിയാണ് തന്റെ കയ്യിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്തതെന്നും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ശിവഗമി അറിയിച്ചു. ചെന്നൈയിൽ കോടതിയിൽ ഹാജരാക്കിയ സുബ്രമണിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

