” താൻ പേപ്പർ പരിശോധിച്ചിട്ട് വാ. താന്നോട് ആരാടോ പേപ്പർ ഇല്ലെന്ന് പറഞ്ഞത്” : അപകടത്തിൽപ്പെട്ട അത്‌ലാന്റിക് ബോട്ടിനെതിരെ പരാതി പറഞ്ഞ മുഹാജിദിന് മന്ത്രി വി അബ്ദുറഹ്‌മാന്റെ ശകാരം

കോഴിക്കോട്: താനൂർ തൂവൽതീരത്ത് അപകടത്തിൽപ്പെട്ട അത്‌ലാന്റിക് ബോട്ട് അനധികൃതമായാണ് സർവീസ് നടത്തുന്നതെന്ന് മന്ത്രിമാർക്ക് പരാതി നൽകിയിരുന്നെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് സർവീസ് നടത്തിപ്പുകാരനുമായ എം.പി. മുഹാജിദ്. സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി. അബ്ദുറഹ്‌മാൻ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവരോട് പരാതി പറഞ്ഞിരുന്നു. എന്നാൽ, ധിക്കാരത്തോടെയാണ് മന്ത്രി അബ്ദുറഹ്‌മാൻ തന്നോട് പ്രതികരിച്ചതെന്ന് മുഹാജിദ് പറഞ്ഞു. ടൂറിസം മന്ത്രി പരാതി എഴുതിവാങ്ങിയെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ലെന്നും മുഹാജിദ് ആരോപിച്ചു. തൂവൽതീരത്ത് പുതുതായി നിർമിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടന ദിവസമാണ് പരാതി പറഞ്ഞതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ബോട്ട് അനധികൃതമായിട്ടാണ് സർവീസ് നടത്തുന്നതെന്നും സ്‌റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. നിയമപ്രകാരമുള്ള യാർഡിൽ അല്ല ബോട്ട് നിർമിച്ചതെന്നും അറിയിച്ചിരുന്നു. ബോട്ട് അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന്റെ ചിത്രങ്ങളടക്കം കൈയ്യിലുണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥനും ഈ ബോട്ടിന് അനുമതി കൊടുക്കാൻ പാടില്ലാത്തതാണ്. മത്സ്യബന്ധന ബോട്ട് എടുത്തിട്ട് ടൂറിസ്റ്റ് ബോട്ടായി അവതരിപ്പിക്കുകയാണ് ചെയ്തത്.

പരാതി പറഞ്ഞപ്പോൾ ധിക്കാരത്തോടെയായിരുന്നു മന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രതികരണം. മന്ത്രിയുടെ ഇടതുവശത്ത് ബോട്ടുടമ നിൽക്കുമ്പോഴാണ് പരാതി പറഞ്ഞത്. അതാണ് മന്ത്രി ധിക്കാരത്തോടെ പെരുമാറാനുള്ള കാരണം. താൻ പേപ്പർ പരിശോധിച്ചിട്ട് വാ. താന്നോട് ആരാടോ പേപ്പർ ഇല്ലെന്ന് പറഞ്ഞത് എന്നാണ് മന്ത്രി വി അബ്ദുറഹ്‌മാൻ ചോദിച്ചത്. നാട്ടുകാരുടെയടക്കം മുന്നിൽവെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം’, മുഹാജിദ്  പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →